സമാധാനക്കരാര്‍ നിലവില്‍ വരാനിരിക്കെ ഗസയില്‍ ഇസ്രായേല്‍ ആക്രമണം; 87 പേര്‍ കൊല്ലപ്പെട്ടു
ഗസ: ഹമാസും ഇസ്രായേലും തമ്മിലുള്ള സമാധാനകരാര്‍ ഞായറാഴ്ച നിലവില്‍ വരാനിരിക്കെ ഗസയില്‍ ഇസ്രായേല്‍ ആക്രമണം. 21 കുട്ടികളും 25 സ്ത്രീകളും ഉള്‍പ്പെടെ 87 പലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഗാസയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ ഇന്ന് ഇസ്രായേല്‍ മന്ത്രിസഭായോഗം ചേരും.ഗാസയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചാല്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുമെന്ന് രണ്ട് തീവ്ര വലതുപക്ഷ, തീവ്രദേശീയ സര്‍ക്കാര്‍ മന്ത്രിമാര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
ഗാസയില്‍ പ്രതിദിനം ഏകദേശം 15 കുട്ടികള്‍ക്ക് യുദ്ധത്തില്‍ പരിക്കേല്‍ക്കുന്നതായും ഇത് കുട്ടികളുടെ ജീവിതത്തെ തന്നെ മാറ്റിിമറിക്കുന്ന തരത്തില്‍ വൈകല്യങ്ങളുണ്ടാക്കുന്നുവെന്നും പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി വ്യക്തമാക്കി . ഗാസ- ഇസ്രായേല്‍ യുദ്ധത്തില്‍ 2023 ഒക്ടോബര്‍ 7 മുതല്‍ കുറഞ്ഞത് 46,788 പലസ്തീനികള്‍ കൊല്ലപ്പെടുകയും 110,453 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അന്ന് ഹമാസ് നേതൃത്വത്തിലുള്ള ആക്രമണത്തില്‍ ഇസ്രായേലില്‍ കുറഞ്ഞത് 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേര്‍ ബന്ദികളാകുകയും ചെയ്തു.