വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ആക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു; ഗാസയില്‍ രണ്ട് ദിവസത്തിനിടെ കണ്ടെടുത്തത് 120 മൃതശരീരങ്ങള്‍
ജെറുസലേം:ഇസ്രായേല്‍ സൈനികരുടെ ആക്രമണത്തില്‍ വെസ്റ്റ് ബാങ്കിലെ ജെനിന്‍ സിറ്റിയില്‍ 10 പലസ്തീനികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യു.എന്‍ അംബാസിഡര്‍ ഇസ്രായേലിനെ അനുകൂലിച്ച് രംഗത്തെത്തി. വെസ്റ്റ് ബാങ്കില്‍ ഇസ്രായേലിന് അവകാശമുണ്ടെന്നായിരുന്നു പ്രതികരണം. ഗാസ ഇസ്രായേല്‍ സമാധാന കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഗാസയില്‍ നടത്തിയ തിരച്ചിലില്‍, തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 120 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സിവില്‍ ഡിഫന്‍സ് സ്റ്റാഫുകള്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗാസയിലേക്കുള്ള സഹായങ്ങള്‍ക്ക് ഇസ്രായേല്‍ സൃഷ്ടിച്ച തടസ്സം നീക്കി. ചൊവ്വാഴ്ച 900 ട്രക്കുകളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ അവശ്യസാധനങ്ങള്‍ ഗാസയിലേക്ക് എത്തിച്ചു.