ഇസ്രയേലില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ സ്ഫോടനം; ഭീകരാക്രമണമെന്ന് സംശയം

ടെല്‍ അവീവ്: ഇസ്രയേലില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ സ്ഫോടനം. ടെല്‍ അവീവിന് സമീപമുള്ള ബാറ്റ് യാം നഗരത്തില്‍ വിവിധ ഇടങ്ങളിലായി നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകളിലാണ് സ്‌ഫോടനം നടന്നത്. ഭീകരാക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നതായി ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര സുരക്ഷാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സ്ഫോടനത്തില്‍ ആളപായമില്ല എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് സംശയിക്കുന്ന ആളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
രണ്ടുബസുകളില്‍ നിന്ന് കണ്ടെത്തിയ ബോംബുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍വീര്യമാക്കി. കണ്ടെടുത്ത സ്ഫോടകവസ്തുക്കള്‍ക്ക് വെസ്റ്റ് ബാങ്കില്‍ നിന്ന് പലതവണ കണ്ടെടുത്തിട്ടുള്ള സ്ഫോടകവസ്തുക്കളുമായി സാമ്യമുണ്ടെന്നാണ് പൊലീസ് വക്താവ് ഹെയിം സര്‍ഗോഫ് പറയുന്നത്. എന്നാല്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ ഇദ്ദേഹം വിസമ്മതിച്ചു.
ആക്രമണത്തില്‍ ആര്‍ക്കും പരുക്കേല്‍ക്കാതിരുന്നത് അത്ഭുതമാണെന്നാണ് ബാറ്റ് യാം മേയര്‍ ത്സ്വിക ബ്രോട്ടിന്റെ പ്രതികരണം. സംഭവത്തില്‍ ഷിന്‍ ബെറ്റ് ആഭ്യന്തര സുരക്ഷാ ഏജന്‍സി അന്വേഷണം ഏറ്റെടുത്തതായാണ് വിവരം. ജനങ്ങളോട് ജാഗ്രതപാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹമാസ് ബന്ദികളാക്കിയവരില്‍ മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ വിട്ടുകൊടുത്ത് മണിക്കൂറുകള്‍ക്കകമാണ് സ്ഫോടനങ്ങള്‍ നടന്നത്.
സ്ഫോടനം നടന്നതും നിര്‍വീര്യമാക്കിയതുമുള്‍പ്പെടെ അഞ്ച് ബോംബുകളാണ് നിലവില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവ അഞ്ചും സമാനമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. രാജ്യത്ത് ഉടനീളം പരിശോധനയും അന്വേഷണവും നടക്കുന്നുണ്ട്.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി തുടങ്ങിയിരുന്നു. ഇതിനൊപ്പം വെസ്റ്റ് ബാങ്കിലെ പലസ്തീനിയന്‍ സെറ്റില്‍മെന്റുകളില്‍ കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളുമാണ് ഇസ്രയേല്‍ നടത്തിയിരുന്നത്. ഹമാസുമായി വെടിനിര്‍ത്തല്‍ വന്നതിന് പിന്നാലെ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യം ഭീകരവിരുദ്ധ നടപടികളുമായി മുന്നോട്ടുപോയിരുന്നു.