ഗാസാ സമാധാനക്കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍; നാളെ പ്രാബല്യത്തില്‍

ജെറുസലേം: ഗാസ- ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുമോ എന്നതിനെ കുറിച്ചുള്ള ആശങ്കകള്‍ക്ക് വിരാമം.ഗാസയുമായുള്ള സമാധാനക്കരാറിനും ബന്ദികളെ മോചിപ്പിക്കുന്നതിനും അനുകൂലമായി ഇസ്രായേല്‍ മന്ത്രിസഭ വോട്ടുചെയ്തു. ഞായറാഴ്ച പ്രാബല്യത്തില്‍ വരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ഗാസയില്‍ വര്‍ഷങ്ങളായി തുടരുന്ന മനുഷ്യക്കുരുതിക്ക് അവസാനമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.2023 ഒക്ടോബര്‍ 7-ന് ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിന് ശേഷം ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാനും കരാറിലൂടെ സാധിക്കും. ബന്ദികളെ മോചിപ്പിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി ശനിയാഴ്ച രാവിലെ നടന്ന കാബിനറ്റ് വോട്ടെടുപ്പിന് ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഞായറാഴ്ച മുതല്‍ മോചിപ്പിക്കേണ്ട 95 ഫലസ്തീനികളുടെ പട്ടിക നീതിന്യായ മന്ത്രാലയം പ്രസിദ്ധീകരിച്ചു, സര്‍ക്കാരിന്റെ അംഗീകാരത്തിന് വിധേയമായി മോചിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ 69 സ്ത്രീകളും 16 പുരുഷന്മാരും 10 പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് ശേഷം നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഗസയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന്റെ തലേദിവസമാണ് ഉടമ്പടി പ്രാബല്യത്തില്‍ വരുന്നത്. യുദ്ധാനന്തരം ഗാസയില്‍ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ ഫലസ്തീന്‍ അതോറിറ്റി പൂര്‍ത്തിയാക്കിയതായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പറഞ്ഞു.വെടിനിര്‍ത്തല്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ കുടിയിറക്കപ്പെട്ട ഗസ്സക്കാര്‍ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it