ഹമാസ് കൈമാറിയ മൃതദേഹങ്ങളില്‍ 'ഷിറി ബീബസ്' ഇല്ലെന്ന് ഇസ്രായേല്‍; ഗുരുതര കരാര്‍ ലംഘനമെന്ന് ആരോപണം

ടെല്‍ അവീവ്: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് കഴിഞ്ഞ ദിവസം കൈമാറിയ മൃതദേഹങ്ങളില്‍ ഒരെണ്ണം ബന്ദിയുടേതല്ലെന്ന ആരോപണവുമായി ഇസ്രയേല്‍ സൈന്യം. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിലേക്ക് കടന്ന് ഹമാസ് ബന്ദികളാക്കിയ ബീബസ് കുടുബത്തിലെ 33കാരി ഷിറി ബീബസിന്റേതെന്ന് അവകാശപ്പെട്ട് ഹമാസ് നല്‍കിയ മൃതദേഹമാണ് ആരോപണത്തിന് ഇടയാക്കിയത്. പരിശോധനയില്‍ മൃതദേഹം ഷിറിയുടേതല്ലെന്ന് വ്യക്തമായതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.
എന്നാല്‍ കഴിഞ്ഞ ദിവസം കൈമാറിയ മറ്റ് നാലു മൃതദേഹങ്ങളില്‍ രണ്ടെണ്ണം ഷിറിയുടെ മക്കളായ ഏരിയലിന്റെയും കഫീറിന്റെതുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏരിയലിന് നാലും കഫീറിന് പത്തുമാസവും പ്രായമുള്ളപ്പോഴാണ് അവരെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് ഐഡിഎഫ് ആരോപിച്ചു. എന്നാല്‍ ഷിറിയും മക്കളും ഇസ്രയേല്‍ മിസൈലാക്രമണത്തില്‍ 2023 നവംബറില്‍ കൊല്ലപ്പെട്ടെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. എന്നാല്‍ ഇതിനുള്ള തെളിവുകളൊന്നും ഇതുവരെ നല്‍കിയിരുന്നില്ല.
83കാരനായ മാധ്യമ പ്രവര്‍ത്തകന്‍ ഒഡെഡ് ലിഫ് ഷിറ്റ്‌സിന്റെതായിരുന്നു കൈമാറിയ നാലാമത്തെ മൃതദേഹം. ഇതും സൈന്യം പരിശോധിച്ച് ഉറപ്പിച്ചു. ഹമാസ് തടവിലായവരുടെ ദുരിതങ്ങളുടെ പ്രതീകമായിരുന്നു ബീബസ് കുടുംബം. ഷിറിയുടെ ഭര്‍ത്താവ് യാര്‍ദെന്‍ ബീബസിനെ 484 ദിവസത്തിനുശേഷം വിട്ടയച്ചിരുന്നു. തിരിച്ചറിയാത്ത മൃതദേഹം ആരെന്ന കാര്യത്തില്‍ അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ടുപോയ മറ്റ് തടവുകാരുമായി ഈ മൃതദേഹത്തിന് സാമ്യമില്ലെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. ഇസ്രായേല്‍ സൈന്യം ഉന്നയിക്കുന്ന ഒരേ ഒരു ചോദ്യം തട്ടിക്കൊണ്ടുപോയ ഷിറി ബീബസിന്റെ മൃതദേഹം എവിടെ എന്നതാണ്.
'ഇത് ഹമാസ് ഭീകര സംഘടനയുടെ അങ്ങേയറ്റത്തെ ലംഘനമാണ്, കരാര്‍ പ്രകാരം മരിച്ച നാല് ബന്ദികളെ തിരികെ നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണ്,' എന്നാണ് സംഭവത്തില്‍ ഇസ്രായേല്‍ പ്രതിരോധ സേന (IDF) പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.
ഗാസയില്‍ വെടിനിര്‍ത്തലിന് കീഴില്‍ ഇസ്രായേലി മൃതദേഹങ്ങള്‍ തിരിച്ചെത്തിച്ച ആദ്യ സംഭവമാണിത്. അതാണ് മൃതദേഹം മാറിയെന്ന ആരോപണത്തില്‍ എത്തിനില്‍ക്കുന്നത്.
തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ പൊതുജനങ്ങള്‍ക്ക് മൃതദേഹങ്ങള്‍ കാണാനുള്ള അവസരങ്ങള്‍ നല്‍കി. തുടര്‍ന്ന് അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയിലേക്ക് (ഐസിആര്‍സി) മാറ്റി. സായുധ ഹമാസ് പോരാളികളാണ് കൈമാറ്റം നടത്തിയത്.
ഇസ്രായേല്‍ സൈന്യം സ്വീകരിച്ച് കഴിഞ്ഞാല്‍, മൃതദേഹങ്ങള്‍ പരിശോധിക്കുകയും ഇസ്രായേലി പതാകകളില്‍ പൊതിഞ്ഞ് ഇസ്രായേലിലേക്ക് തിരികെ കൊണ്ടുപോകുകയുമാണ് ചെയ്യുക. തുടര്‍ന്ന് വാഹനവ്യൂഹത്തില്‍ വിലാപയാത്ര നടത്തും.ആയിരക്കണക്കിന് പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.