ഇസ്രായേല്‍-ലെബനന്‍ വെടിനിര്‍ത്തല്‍; മഹത്തായ വിജയമെന്ന് ഹിസ്ബുള്ള തലവന്‍ നയീം ഖാസ്മി.

കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇരുകൂട്ടരും ബാധ്യസ്ഥരാണെന്ന് നയീം ഖാസ്മി

ഇസ്രായേല്‍-ഹിസ്ബുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത് മഹത്തായ വിജയമാണെന്നും 2006ലെ വിജയത്തേക്കാള്‍ വലുതാണിതെന്നും ഹിസ്ബുള്ള തലവന്‍ നയീം ഖാസ്മി പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കാന്‍ ലെബനന്‍ സൈന്യവുമായി യോജിച്ച് പ്രവര്‍ത്തിക്കും. ഇരുവിഭാഗവും സമാധാനക്കരാറിലേര്‍പ്പെട്ടതിനുശേഷം ഇതാദ്യമായാണ് നയീം ഖാസ്മി വീഡിയോ സന്ദേശം നല്‍കുന്നത്.

കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ഹിസ്ബുള്ള പോരാളികളും ഇസ്രായേലി സേനയും 60 ദിവസത്തിനുള്ളില്‍ തെക്കന്‍ ലെബനനില്‍ നിന്ന് പിന്‍വാങ്ങുന്ന ഘട്ടത്തില്‍ വിന്യസിക്കുന്ന സൈന്യവുമായി തനിക്ക് പ്രശ്‌നങ്ങളോ വിയോജിപ്പുകളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇരുകൂട്ടരും ബാധ്യസ്ഥരാണ്. ലെബനന്റെ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കും. സൈന്യം ഉള്‍പ്പെടെയുള്ളവരോടൊപ്പം ചേര്‍ന്ന് ലെബനന്റെ ദൗര്‍ബല്യം മുതലെടുക്കാന്‍ ശ്രമിക്കുന്നതിനെ ചെറുക്കുമെന്നും നയീം ഖാസ്മി പറഞ്ഞു.

അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നൂറോളം പലസ്തീനികള്‍ കൊല്ലപ്പെട്ടു. ബെയ്ത് ലാഹിയയില്‍ രണ്ട് വീടുകള്‍ക്ക് നേരെ നടന്ന വ്യോമാക്രമണത്തില്‍ 75 പേര്‍ കൊല്ലപ്പെട്ടു. പട്ടിണിയും ദാരിദ്ര്യവും ഗാസയില്‍ അതിഭീകരമാണെന്ന് ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യക്കുരുതിയില്‍ ഇതുവരെ 44,363 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 105,070 പേര്‍ക്ക് പരിക്ക് പറ്റി. ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1139 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ലെബനനിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3961 ആണ്. കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇരുകൂട്ടരും ബാധ്യസ്ഥരാണെന്ന് നയീം ഖാസ്മി

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it