യുക്രൈന്‍ യുദ്ധം ചെയ്യുന്നത് ജനാധിപത്യം സംരക്ഷിക്കാന്‍; ഒപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ച് ജസ്റ്റിന്‍ ട്രൂഡോ അടക്കമുള്ള ലോകനേതാക്കള്‍

ഒട്ടാവ: യുക്രൈന്‍ യുദ്ധം ചെയ്യുന്നത് ജനാധിപത്യം സംരക്ഷിക്കാനാണെന്നും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും വ്യക്തമാക്കി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്രൂഡോയുടെ പരാമര്‍ശം. നേരത്തേ, കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളിയും യുക്രെയ്‌ന് പിന്തുണ അറിയിച്ചിരുന്നു.

സെലന്‍സ്‌കിക്ക് പിന്തുണയറിയിച്ച് വിവിധ യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. നല്ല സമയത്തും പരീക്ഷണഘട്ടത്തിലും യുക്രൈനൊപ്പം നിലയുറപ്പിക്കുമെന്ന് നിയുക്ത ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് എക്‌സിലൂടെ വ്യക്തമാക്കി. സ്ഥാനമൊഴിയുന്ന ചാന്‍സ്ലര്‍ ഒലാഫ് ഷോള്‍സും യുക്രൈന് പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ജര്‍മനിയേയും യൂറോപ്പിനെയും യുക്രൈന് എല്ലാ കാലത്തും ആശ്രയിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും യുക്രൈനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരേയൊരു ആക്രമണകാരിയേ ഉള്ളൂ, അത് റഷ്യയാണ്. അക്രമിക്കപ്പെടുന്ന ഒരു ജനതയേ ഉള്ളൂ അത് യുക്രൈനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നും സെലന്‍സ്‌കിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യുക്രൈന്‍ ജനതയുടെ ധീരത പ്രകടമാക്കുന്നതാണ് താങ്കളുടെ കുലീനമായ പെരുമാറ്റം. ശക്തനായി നിലകൊള്ളുക, ധീരനും ഭയരഹിതനും ആയിരിക്കുക - എന്ന് അവര്‍ എക്‌സില്‍കുറിച്ചു.

പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക്, ജര്‍മ്മന്‍ വിദേശകാര്യമന്ത്രി അന്നലെന ബര്‍ബോക്ക്, അയര്‍ലാന്‍ഡ് ഉപ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് ടി.ഡി, സ്വീഡിഷ് പ്രധാനമന്ത്രിയുടെ ഓഫീസ്, എസ്റ്റോണിയയുടെ വിദേശകാര്യമന്ത്രി, ഡച്ച് വിദേശകാര്യമന്ത്രി തുടങ്ങിയവരെല്ലാം യുക്രൈന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സെലന്‍സ്‌കിക്ക് കിട്ടേണ്ടത് കിട്ടി എന്നായിരുന്നു റഷ്യയുടെ പ്രതികരണം.

സെലെന്‍സ്‌കിയും ട്രംപുമായി നടന്ന ചര്‍ച്ച വാക്കേറ്റത്തെയും വെല്ലുവിളിയെയും തുടര്‍ന്ന് അവസാനിപ്പിച്ചിരുന്നു. ഓവല്‍ ഓഫിസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ സെലെന്‍സ്‌കിയുമായി രൂക്ഷാമായ തര്‍ക്കം നടക്കുകയും തുടര്‍ന്ന് സംയുക്ത വാര്‍ത്താസമ്മേളനം ട്രംപ് റദ്ദാക്കുകയും ചെയ്തിരുന്നു.

തൊട്ടുപിന്നാലെ വൈറ്റ് ഹൗസില്‍ നിന്ന് സെലെന്‍സ്‌കി മടങ്ങി പോവുകയും ചെയ്തു. സെലന്‍സ്‌കി മടങ്ങിയതിന് പിന്നാലെ അദ്ദേഹം അമേരിക്കയെ അനാദരിച്ചെന്ന ആരോപണവുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തുകയും ചെയ്തിരുന്നു.

Related Articles
Next Story
Share it