കൊടുംതണുപ്പില്‍ അഞ്ചാമത്തെ കുഞ്ഞും മരിച്ചു: ഗാസയില്‍ സ്ഥിതി ദയനീയം;കമ്പിളികള്‍ പങ്കുവെച്ച് കുടുംബങ്ങള്‍

ഗാസ: ഇസ്രായേലിന്റെ ആക്രമണം മൂലം പലസ്തീനികള്‍ തമ്പടിച്ച ഗാസാ മുനമ്പില്‍ അതിശൈത്യം തുടരുന്നു. അതിശൈത്യത്തില്‍ നവജാത ശിശുവും മരിച്ചു. 20 ദിവസം മാത്രം പ്രായമുളള ജോമാ അല്‍ ബത്രാന്‍ ആണ് മരിച്ചത്. കുഞ്ഞിന്റെ തല ഐസ്‌കട്ട പോലെയായിരുന്നുവെന്നാണ് പിതാവ് യഹിയ പറയുന്നത്. മരണപ്പെട്ട കുഞ്ഞിന്റെ ഇരട്ട സഹോദരന്‍ അലിയെ അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഒരു മാസം നേരത്തെ ആണ് ഇരുവരും ജനിച്ചത്. ജനിച്ചപ്പോള്‍ തന്നെ രണ്ട് കുഞ്ഞുങ്ങള്‍ക്കും തണുപ്പേല്‍ക്കരുതെന്നും ചൂട് ലഭിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ചെറിയ കൂരയില്‍ കഴിയുന്ന യഹിയയുടെ കുടുംബത്തിന് തണുപ്പിനെ പ്രതിരോധിക്കാനായില്ല. ദിവസവും 10 ഡിഗ്രി സെല്‍ഷ്യസിനു താഴെയാണ് പ്രദേശത്തെ അന്തരീക്ഷതാപനില.

''നമ്മള്‍ എട്ട് പേരാണ് ഒരു കുടുംബത്തില്‍. പക്ഷെ നാല് കമ്പിളി മാത്രമേ ഉള്ളൂ. മഞ്ഞ് കണങ്ങള്‍ രാത്രിയില്‍ ടെന്റിന്റെ ഉളളിലേക്ക് വീഴും.'' ജീവന്‍ നിലച്ച കുഞ്ഞിന്റെ ശരീരം കയ്യിലേന്തി യഹിയ പറയുന്നു. പിന്നീട് മതാചാര പ്രകാരം കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് ഖബറടക്കി.

പ്രാദേശിക ആരോഗ്യ അധികാരികളുടെ കണക്കുകള്‍ പ്രകാരം ഇസ്രായേലിന്റെ ആക്രമണത്തില്‍ 45,000 പലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടു. പകുതിയിലേറെയും സ്ത്രീകളും കുട്ടികളും. ഇസ്രായേലിന്റെ ബോംബാക്രമണവും ഗ്രൗണ്ട് ഓപ്പറേഷനുകളും മൂലം ഗാസയിലെ 2.3 ദശലക്ഷത്തോളം പേരെ അതായത് ജനസംഖ്യയുടെ 90% ആളുകളെയും പലതവണ മാറ്റിപ്പാര്‍പ്പിച്ചു. അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ത്തു. വിശാലമായ പ്രദേശങ്ങള്‍ മരുഭൂമിക്ക് തുല്യമായി. ഇസ്രായേലിന്റെ നിയന്ത്രണങ്ങള്‍ സന്നദ്ധ സഹായങ്ങള്‍ക്കും തടസ്സം സൃഷ്ടിച്ചു.യുദ്ധം വിതച്ച ദാരിദ്ര്യവും വിശപ്പും പലസ്തീനികളെ പിന്തുടരുകയാണ്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it