ഇന്ത്യയിലെ വോട്ടിംഗ് പ്രോത്സാഹിപ്പിക്കാന്‍ യു എസ് നല്‍കിവന്ന ധനസഹായം റദ്ദാക്കി ഇലോണ്‍ മസ്‌കിന്റെ ഡോജ്

വാഷിങ്ടന്‍: ഇന്ത്യയിലെ വോട്ടെടുപ്പില്‍ ജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ബോധവത്കരണ നടപടികള്‍ക്കായി യുഎസ് നല്‍കിവരുന്ന 21 മില്യന്‍ ധനസഹായം റദ്ദാക്കി. ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ഡോജി(ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഗവേണ്‍മെന്റ് എഫിഷ്യന്‍സി)ന്റേതാണ് നടപടി. ഇന്ത്യ, ബംഗ്ലാദേശ്, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പദ്ധതികള്‍ക്കായി യുഎസ് നല്‍കുന്ന രാജ്യാന്തര സഹായത്തില്‍ വ്യാപകമായ വെട്ടിക്കുറയ്ക്കലുകള്‍ നടക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഡോജിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് തീരുമാനം പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത 21 മില്യണ്‍ ഡോളറിന്റെ പരിപാടിയും ബംഗ്ലാദേശിന്റെ രാഷ്ട്രീയ ഭൂപ്രകൃതി ശക്തിപ്പെടുത്തുന്നതിനായി ലക്ഷ്യമിട്ടുള്ള 29 മില്യണ്‍ ഡോളറിന്റെ സംരംഭവുമാണ് ഇതോടെ നിര്‍ത്തലാക്കിയത്. ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച തീരുമാനം മസ്‌ക് പുറത്തുവിട്ടത്.

അന്താരാഷ്ട്ര സഹായത്തിനുള്ള വെട്ടിക്കുറക്കലിന്റെ ഭാഗമായ ഈ തീരുമാനം, ഇരു രാജ്യങ്ങളിലെയും തിരഞ്ഞെടുപ്പ് പ്രക്രിയകളും രാഷ്ട്രീയ സ്ഥിരതയും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പ്രധാന സംരംഭങ്ങളെ ബാധിക്കും. യുഎസ് വിദേശ സഹായ മുന്‍ഗണനകളുടെ പുനര്‍മൂല്യനിര്‍ണയത്തെയും അന്താരാഷ്ട്ര വികസന പദ്ധതികള്‍ക്കുള്ള ചെലവ് കുറയ്ക്കുന്നതിനുള്ള നീക്കത്തെയും ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നു.

'യുഎസിലെ നികുതിദായകന്റെ പണം താഴെപ്പറയുന്ന കാര്യങ്ങള്‍ക്ക് ചെലവഴിച്ചിരുന്നു. ഇവയെല്ലാം റദ്ദാക്കിയിരിക്കുകയാണ്'- എന്നാണ് ഡോജിന്റെ പോസ്റ്റില്‍ പറയുന്നത്. ചെലവു കുറച്ചില്ലെങ്കില്‍ അമേരിക്ക പാപ്പരാകുമെന്ന് മസ്‌ക് നിരന്തരം പറയുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങളെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിന് വേണ്ടിയാണ് 21 മില്യന്‍ ചെലവിടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ദിവസങ്ങള്‍ക്കുശേഷമാണ് ഇത്തരമൊരു തീരുമാനം വന്നിരിക്കുന്നത്. വിവിധ മേഖലകളില്‍ ഇന്ത്യ യുഎസ് ബന്ധം ശക്തിപ്പെടുത്താനുള്ള കാര്യങ്ങള്‍ ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്‌തെന്നാണ് പുറത്തുവന്ന വിവരം. എന്നാല്‍ ഈ ഫണ്ട് റദ്ദാക്കുന്ന കാര്യം ഔദ്യോഗിക വാര്‍ത്താക്കുറിപ്പുകളിലോ മാധ്യമസമ്മേളനങ്ങളിലോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി മോദി മസ്‌കിനെയും കണ്ടിരുന്നു.

Related Articles
Next Story
Share it