ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കണമെന്ന ഉത്തരവ് വീണ്ടും തടഞ്ഞ് യുഎസ് കോടതി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് പദത്തില്‍ രണ്ടാം തവണയും അധികാരത്തിലേറിയതിന് പിന്നാലെ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുമെന്ന ഡോണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് വീണ്ടും തിരിച്ചടി നല്‍കി യുഎസ് കോടതി. രാജ്യമൊട്ടാകെ ഇത് നടപ്പാക്കരുതെന്ന് ഫെഡറല്‍ ജഡ്ജ് ഡെബറ ബോര്‍ഡ് മാന്‍ ഉത്തരവിട്ടു. ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുമെന്ന ട്രംപിന്റെ ഉത്തരവ് ഭരണഘടന ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇത് തടഞ്ഞുകൊണ്ടുള്ള ഉത്തരവിറക്കിയത്. നേരത്തെ ട്രംപിന്റെ ഉത്തരവ് സിയാറ്റിലിലെ കോടതിയും സ്റ്റേ ചെയ്തിരുന്നു.

ട്രംപിന്റെ ഉത്തരവനുസരിച്ച്, മാതാപിതാക്കളിലൊരാള്‍ക്കെങ്കിലും പൗരത്വമോ ഗ്രീന്‍ കാര്‍ഡോ ഇല്ലെങ്കില്‍ അവര്‍ക്ക് ജനിക്കുന്ന കുഞ്ഞിന് പൗരത്വം ലഭിക്കില്ല. നിയമവിരുദ്ധമായി യുഎസില്‍ കഴിയുന്നവരുടെയും താല്‍ക്കാലികമായി വരുന്നവരുടെയും മക്കള്‍ യുഎസിന്റെ 'അധികാരപരിധിയില്‍' വരില്ല എന്നതും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ട്രംപിന്റെ ഉത്തരവ് താല്‍ക്കാലിക വിസയില്‍ യുഎസില്‍ എത്തിയവരെയും ഗ്രീന്‍ കാര്‍ഡിന് കാത്തിരിക്കുന്നവരെയും ബാധിക്കും. ഉത്തരവിന് ഫെബ്രുവരി 20 മുതലാണ് പ്രാബല്യം. ഡൊണാള്‍ഡ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവ് പ്രാബല്യത്തിലാക്കുന്നത് തടയണമെന്ന ആവശ്യവുമായി 22 സംസ്ഥാനങ്ങള്‍ നിയമനടപടി ആരംഭിച്ചിരുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it