അധികാരത്തിലേറി മണിക്കൂറുകള്‍; ട്രംപ് ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍
വാഷിംഗ്‌ടൺ ഡി സി : ബൈഡന്‍ ഭരണകൂടം നടപ്പിലാക്കിയ പല നയങ്ങളെയും നിരാകരിച്ച് പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒരു കൂട്ടം എക്‌സ്‌ക്യൂട്ടീവ് ഉത്തരവുകളില്‍ ട്രംപ് ഒപ്പുവെച്ചുകഴിഞ്ഞു. വാഷിംഗ്ടണിലെ ഒരു പൊതു പരിപാടിക്കിടെയാണ് ഒപ്പിടല്‍ ചടങ്ങ് നടന്നത്. ബൈഡന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച 78 എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ ട്രംപ് അസാധുവാക്കി. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പുതിയ ഉത്തരവ് നടപ്പിലാക്കാനുള്ള അധികാരം മരവിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി നേരിട്ട് ഓഫീസിലെത്തേണ്ടി വരും. ജീവനക്കാരുടെ വര്‍ക്ക് അറ്റ് ഹോം പിന്‍വലിച്ചു. പാരീസ് കാലാവസ്ഥാ ഉച്ചകോടിയില്‍ നിന്ന് അമേരിക്കയെ പിന്‍വലിക്കുമെന്നതാണ് മറ്റൊരു സുപ്രധാനമായ കാര്യം. ഒരു വര്‍ഷത്തിനുള്ളില്‍ പാരിസ് കാലാവസ്ഥാ ഉച്ചകോടിയില്‍ നിന്ന് അമേരിക്കയെ പിന്‍വലിക്കുന്നത് പ്രാവര്‍ത്തികമാക്കുന്നതിനായി ഐക്യരാഷ്ട്ര സഭയ്ക്ക് യു.എസ് കത്തുനല്‍കും. യു.എസിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം തടയാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ മേഖലയില്‍ സൈന്യത്തെ വിന്യസിക്കും. അമേരിക്കയിലെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് ജനിക്കുന്ന കുട്ടികളുടെ ബെര്‍ത്ത് റൈറ്റ് പോളിസി എടുത്തുകളയും. രാജ്യത്ത് ഇനി രണ്ട് വിഭാഗം മാത്രമായിരിക്കുമെന്നും ട്രാന്‍സ്‌ജെന്‍ഡറുകള്‍ വേണ്ടെന്നുമുള്ളതാണ് മറ്റൊരു വിവാദ തീരുമാനം. 2021 ജൂണില്‍ യു.എസ് ക്യാപിറ്റോലില്‍ നടന്ന കലാപത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പൊതുമാപ്പ് നല്‍കുമെന്നതാണ് മറ്റൊരു സുപ്രധാന നീക്കം. ടിക് ടോക്ക് നിരോധനം നടപ്പാക്കുന്നത് തടഞ്ഞ നടപടി 75 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. ഇതിനിടയില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.
ട്രംപിന്റെ പുതിയ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളില്‍ പലതിനുമെതിരെ എതിര്‍ത്ത് വിവിധ വിഭാഗങ്ങള്‍ രംഗത്തുണ്ട്. വിവാദ ഉത്തരവുകള്‍ക്കെതിരെ സംഘടനകളും വ്യക്തികളും കോടതികളില്‍ അപ്പീല്‍ നല്‍കിയേക്കും. അതുകൊണ്ട് തന്നെ ഉത്തരവുകള്‍ നിലവില്‍ വരാന്‍ കാലതാമസമെടുത്തേക്കാം.