കാനഡയില്‍ വിമാനം തലകീഴായി മറിഞ്ഞു; 17 പേര്‍ക്ക് പരുക്ക്; ആളപായമില്ല

ടോറോന്റോ: കാനഡയിലെ ടൊറോന്റോയിലുണ്ടായ വിമാനാപകടത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റു. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡ് ചെയ്തതിന് ശേഷം തലകീഴായി മറിയുകയായിരുന്നു.
മിനിയാപൊളിസില്‍ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെല്‍റ്റ 4819 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മഞ്ഞുമൂടിയ റണ്‍വേയില്‍ വിമാനം തലകീഴായി മറിയുകയായിരുന്നു. കനത്ത കാറ്റിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
അപകടസമയത്ത് 76 യാത്രക്കാരും നാല് ജീവനക്കാരും അടക്കം 80 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യുഎസിലെ മിനസോട്ട സംസ്ഥാനത്തിലെ മിനിയാപൊളിസില്‍ നിന്നും ടൊറന്റോയിലേക്ക് എത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
പരുക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒരു കുട്ടി, 60 വയസുള്ള ഒരു പുരുഷന്‍, 40 വയസുള്ള ഒരു സ്ത്രീ എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ഉള്ളത്.
പരുക്കേറ്റവരെ ആംബുലന്‍സിലും ഹെലികോപ്റ്ററിലും ആയാണ് വിവിധ ആശുപത്രികളില്‍ എത്തിച്ചത്. അപകടത്തിന് പിന്നാലെ എല്ലാ വിമാനങ്ങളും സര്‍വീസ് നിര്‍ത്തിവച്ചു. അപകടത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. അപകടത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
'മഞ്ഞുവീഴ്ചയ്ക്ക് ശമനമുണ്ടെങ്കിലും തണുത്ത താപനിലയും ശക്തമായ കാറ്റും ഉണ്ട്. ഇന്ന് ടെര്‍മിനലുകളില്‍ തിരക്കേറിയ ദിവസമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 1000 വിമാനങ്ങളില്‍ 130000 യാത്രക്കാര്‍ ഉണ്ട്,' എന്ന് തിങ്കളാഴ്ച രാവിലെ വിമാനത്താവളം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അപകടസ്ഥലത്തേക്ക് ഒരു അന്വേഷണ സംഘത്തെ വിന്യസിക്കുന്നതായി കാനഡയുടെ ഗതാഗത സുരക്ഷാ ബോര്‍ഡ് അറിയിച്ചു.
വടക്കേ അമേരിക്കയില്‍ അടുത്തിടെ വ്യോമയാന അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടെയാണ് കാനഡയിലെ അപകടം. വാഷിംഗ് ടണില്‍ ഒരു യുഎസ് ആര്‍മി ഹെലികോപ്റ്ററും ഒരു പാസഞ്ചര്‍ ജെറ്റും കൂട്ടിയിടിച്ച് 67 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഫിലാഡല്‍ഫിയയില്‍ ഏഴ് പേരുടെ മരണത്തിനിടയാക്കിയ മെഡിക്കല്‍ ട്രാന്‍സ്പോര്‍ട്ട് വിമാനാപകടവും അടുത്തിടെ സംഭവിച്ചിരുന്നു.