പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പള്ളിയില്‍ ബോംബ് സ്‌ഫോടനം; നിരവധി പേര്‍ക്ക് പരുക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. വെള്ളിയാഴ്ച വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഒരു പള്ളിയില്‍ ഉണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ പ്രാദേശിക ഇസ്ലാമിക പാര്‍ട്ടി നേതാവ് അബ്ദുള്ള നദീമും രണ്ട് കുട്ടികളും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ജാമിയത്ത് ഉലമ ഇസ്ലാം-ഫസല്‍ (ജെയുഐ-എഫ്) രാഷ്ട്രീയ പാര്‍ട്ടിയിലെ പ്രമുഖനായ നദീമാണ് സ്‌ഫോടനം നടത്തിയവരുടെ ലക്ഷ്യമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
സൗത്ത് വസീറിസ്ഥാനിലുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ നദീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ പൊലീസ് മേധാവി ആസിഫ് ബഹാദര്‍ സ്ഥിരീകരിച്ചു.
സ്‌ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനോട് ചേര്‍ന്നുള്ള പാകിസ്ഥാന്റെ അസ്ഥിരമായ അതിര്‍ത്തി പ്രദേശങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമ പട്ടികയിലേക്ക് ഈ സംഭവം കൂടി പുതുതായി ചേര്‍ക്കപ്പെട്ടു.
കഴിഞ്ഞ മാസം, വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഒരു ഇസ്ലാമിക സെമിനാരിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാന്‍ താലിബാന്റെ പരിശീലന കേന്ദ്രങ്ങളുമായി ഈ സെമിനാരി ചരിത്രപരമായി ബന്ധപ്പെട്ടിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസം തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാനില്‍ വിഘടനവാദി തീവ്രവാദികള്‍ ഒരു ട്രെയിന്‍ ഹൈജാക്ക് ചെയ്ത് യാത്രക്കാരെ ബന്ദികളാക്കിയിരുന്നു.