കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ സമഗ്രവികസനത്തിന് ഊന്നല്‍ നല്കി ടൗണ്‍ പ്ലാന്‍ (ഡി.ടി.പി-ഡീറ്റെയില്‍ഡ് ടൗണ്‍ പ്ലാന്‍) പരിഷ്ക്കരിക്കുന്നതിന് മുന്‍കൈയെടുക്കുമെന്ന് നഗരസഭാ ചെയര്മാന് അഡ്വ. വി.എം. മുനീര്‍ പറഞ്ഞു. പുതിയ മാസ്റ്റര്‍ പ്ലാന്‍ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് തന്നെ പ്രാബല്യത്തില്‍ വന്നിരുന്നു. നഗര പുരോഗതിക്കനുസരിച്ച് മാസ്റ്റര്‍ പ്ലാനില്‍ വേണ്ട പരിഷ്ക്കാരങ്ങള്‍ വരുത്താത്തത് കഴിഞ്ഞ കാലങ്ങളില്‍ പ്രയാസം ഉണ്ടാക്കിയിരുന്നു. പുതുക്കിയ മാസ്റ്റര്‍ പ്ലാനില്‍ സോണ്‍ അടക്കമുള്ള വിവിധ വിഷയങ്ങളില്‍ വ്യക്തത വരുത്താന്‍ സാധിച്ചിട്ടുണ്ട്. പരിഹരിക്കപ്പെടാത്ത വിഷയങ്ങള്‍ ഉണ്ടെങ്കില്‍ വിശദമായി പഠിച്ച് ഭേദഗതികള്‍ വരുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് കാസര്‍കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നഗരസഭാ ചെയര്‍മാനുമായി നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, വ്യാപാരികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ നഗരസൗന്ദര്യവത്ക്കരണം സാധ്യമാക്കുമെന്നും തളങ്കര പാര്‍ക്ക്, സിവ്യു പാര്‍ക്ക്, സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയം അടക്കമുള്ള വിനോദ കേന്ദ്രങ്ങളെ സജീവമാക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.എം.സി.സി കാസര്‍കോട് ചാപ്റ്റര്‍ ചെയര്മാന് എം.കെ ശ്യാംപ്രസാദ് അധ്യക്ഷത വഹിച്ചു.
കാസര്‍കോട് നഗരസഭയെ സംരംഭക സൗഹൃദ നഗരസഭയാക്കി മാറ്റണമെന്ന ആവശ്യം എന്‍.എം.സി.സി. മുന്നോട്ട് വെച്ചു. വിവിധ ലൈസന്‍സുകള്‍ക്കായി നഗരസഭയിലെത്തുന്ന സംരംഭകരെ സഹായിക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഹെല്പ് ഡെസ്ക് ഏര്‍പ്പെടുത്തണമെന്നും സിവില്‍ സ്റ്റേഷന്റെ ഒരു എക്സ്റ്റെന്ഷന് കേന്ദ്രം നഗരസഭയില്‍ ആരംഭിക്കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു.
എന്‍.എം.സി.സി മാനേജിംഗ് കമ്മിറ്റിയംഗം കെ.എസ് അന്‍വര്‍ സാദത്ത് നഗരസഭാ ചെയര്മാന് ഉപഹാരം കൈമാറി.
റാഫി ബെണ്ടിച്ചാല്‍, പ്രസാദ് മണിയാണി, മുഹമ്മദ് റഈസ്, ഡോ. കെ.പി സൂരജ്, ഗൗതം ഭക്ത, സന്ദീപ് ഭട്ട്, ഫാറൂഖ് കാസ്മി, ഷരീഫ് കാപ്പില്‍, ബി.കെ. ഖാദര്‍, കെ.വി. അഭിലാഷ്, ഷിഹാബലി സല്മാന്, മുഹമ്മദലി മുണ്ടാങ്കുലം, മഹ്മൂദ് ഒ.കെ., മനാഫ് നുള്ളിപ്പാടി, അബ്ദുല്ല മൗലവി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ജനറല്‍ കണ്‍വീനര്‍ മുജീബ് അഹ്മദ് സ്വാഗതവും വൈസ് ചെയര്മാന് കെ.സി. ഇര്‍ഷാദ് നന്ദിയും പറഞ്ഞു.