കാസര്‍കോട്: ദേശീയപാത പ്രവൃത്തിക്കിടയിലെ പൊടിശല്യം കാരണം യാത്രക്കാര്‍ ദുരിതത്തില്‍. ജില്ലയിലെ പല ഭാഗങ്ങളിലും ദേശീയപാത വികസന പ്രവൃത്തികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ പൊടിശല്യവും വ്യാപിക്കുന്നു. വേനല്‍ച്ചൂടിന് പുറമെ പൊടിശല്യം കൂടിയാകുമ്പോള്‍ യാത്രക്കാര്‍ അനുഭവിക്കുന്നത് നരകയാതനയാണ്. ഇരുചക്രവാഹനങ്ങളില്‍ പോകുന്നവരും കാല്‍നടയാത്രക്കാരും വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരും പൊടിശല്യം കാരണം വലയുന്നു.
ദേശീയപാത പ്രവൃത്തി നടക്കുന്ന സ്ഥലത്ത് കൃത്യമായ ഇടവേളകളില്‍ വെള്ളമൊഴിച്ച് പൊടിശല്യം കുറക്കാനുള്ള നിര്‍ദ്ദേശമുണ്ടെങ്കിലും ഇത് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുകയാണ്. വേനല്‍ക്കാലമായതിനാല്‍ ആവശ്യത്തിന് വെള്ളം കിട്ടാത്തത് ഇതിന് കാരണമായി പറയുന്നു. എന്നാല്‍ ജലലഭ്യത ഉള്ളിടത്തുപോലും വെള്ളമൊഴിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി. മാസ്ക് ധരിച്ചാല്‍ പോലും പൊടിശല്യത്തില്‍ നിന്നും രക്ഷപ്പെടാനാകുന്നില്ലെന്ന് ആളുകള്‍ പറയുന്നു. അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ പെടാപാട് പെടുകയാണ്. ശ്വാസതടസവും തുമ്മലും മറ്റ് ശാരീരിക അസ്വസ്ഥതകളും പലരെയും ബുദ്ധിമുട്ടിക്കുന്നു.
ശ്വാസകോശസംബന്ധമായ അസുഖങ്ങളും ചുമയും അലര്‍ജിയും ഒക്കെയുള്ളവര്‍ക്ക് അസുഖങ്ങള്‍ വര്‍ധിക്കാന്‍ പൊടിശല്യം കാരണമാകുന്നു. റോഡ് പ്രവൃത്തിക്കായി ലോറികളില്‍ ലോഡ് കണക്കിന് മണ്ണ് കൊണ്ടുവന്ന് ഇറക്കുന്നുണ്ട്. മണ്ണിറക്കി ലോറികള്‍ മടങ്ങുമ്പോഴേക്കും പരിസരമാകെ പൊടിപടലങ്ങള്‍ വ്യാപിക്കുന്നു. കുമ്പള, മഞ്ചേശ്വരം ഭാഗങ്ങളില്‍ ഈ രീതിയിലുള്ള പൊടിശല്യം വ്യാപകമാണ്. വിദ്യാനഗര്‍ സന്തോഷ് നഗര്‍ മുതല്‍ കറന്തക്കാട് വരെയുള്ള ഭാഗങ്ങളില്‍ ലോറികളില്‍ മണ്ണ് കൊണ്ട് വന്നിടുന്ന ജോലികള്‍ പുരോഗമിക്കുന്നുണ്ട്. ഇങ്ങനെ മണ്ണിടുമ്പോള്‍ ഉയരുന്ന പൊടിപടലങ്ങള്‍ യാത്രക്കാരെ ബാധിക്കുകയാണ്. സമീപത്തെ സ്ഥാപനങ്ങളിലേക്കും പൊടി ഇരച്ചുകയറുന്നു. കാസര്‍കോട് ടൗണ്‍ മുതല്‍ ചെങ്കള വരെയുള്ള റീച്ചില്‍ ദിവസവും നാല് ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ച് പൊടിശല്യം കുറയ്ക്കാറുണ്ടെന്ന് കരാറുകാര്‍ പറയുന്നുണ്ടെങ്കിലും പൊടിശല്യം കൂടുകയാണെന്നാണ് യാത്രക്കാര്‍ പറയുന്നത്. ചെര്‍ക്കള ടൗണിലും അണങ്കൂര്‍, നുള്ളിപ്പാടി ഭാഗങ്ങളിലും പൊടിശല്യമുണ്ട്. ഇതിന് പുറമെ ഗതാഗതക്കുരുക്ക് കൂടിയാകുമ്പോള്‍ യാത്രക്കാര്‍ക്ക് ഇരട്ടി ദുരിതമാണ്. പെരിയ ടൗണില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുന്നിലും പൊടിശല്യം യാത്രക്കാരെ വലയ്ക്കുകയാണ്. ചട്ടഞ്ചാല്‍ ടൗണില്‍ അടിപ്പാതയുടെ നിര്‍മ്മാണം നടക്കുന്ന സ്ഥലത്തും പൊള്ളക്കടയിലും പൊടിശല്യം രൂക്ഷമാണെന്ന് യാത്രക്കാര്‍ പറയുന്നു.