മണിനാദം നിലച്ചിട്ട് എട്ടുവര്‍ഷം...

മലയാളികളുടെ മണിനാദം നിലച്ചിട്ട് എട്ട് വര്‍ഷം... ആടിയും പാടിയും മലയാളികളുടെ മനസില്‍ ചേക്കേറിയ കലാഭവന്‍ മണിയുടെ വേര്‍പാട് ഇന്നും തീരാനഷ്ടമാണ്.മണിയെപ്പോലെ മണിയല്ലാതെ മറ്റാര്? അവസാനം അഭിനയിച്ച ചിത്രത്തിന്റെ പേരുപോലെതന്നെ യാത്ര ചോദിക്കാതെയായിരുന്നു മണിയുടെ മടക്കവും. മലയാളികളെ സംബന്ധിച്ച് മാര്‍ച്ചിലെ തീരാനഷ്ടം.2016 മാര്‍ച്ച് ആറിനായിരുന്നു സിനിമാ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടുള്ള മണിയുടെ വിയോഗം.മിമിക്രി വേദികളില്‍ നിന്നാണ് മണിയെ സിനിമ സ്വന്തമാക്കുന്നത്. ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും നായകനായും സിനിമയില്‍ സ്ഥാനം കണ്ടെത്തി. മലയാളത്തിന് പുറമേ […]

മലയാളികളുടെ മണിനാദം നിലച്ചിട്ട് എട്ട് വര്‍ഷം... ആടിയും പാടിയും മലയാളികളുടെ മനസില്‍ ചേക്കേറിയ കലാഭവന്‍ മണിയുടെ വേര്‍പാട് ഇന്നും തീരാനഷ്ടമാണ്.
മണിയെപ്പോലെ മണിയല്ലാതെ മറ്റാര്? അവസാനം അഭിനയിച്ച ചിത്രത്തിന്റെ പേരുപോലെതന്നെ യാത്ര ചോദിക്കാതെയായിരുന്നു മണിയുടെ മടക്കവും. മലയാളികളെ സംബന്ധിച്ച് മാര്‍ച്ചിലെ തീരാനഷ്ടം.
2016 മാര്‍ച്ച് ആറിനായിരുന്നു സിനിമാ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടുള്ള മണിയുടെ വിയോഗം.
മിമിക്രി വേദികളില്‍ നിന്നാണ് മണിയെ സിനിമ സ്വന്തമാക്കുന്നത്. ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും നായകനായും സിനിമയില്‍ സ്ഥാനം കണ്ടെത്തി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മികച്ച പ്രകടനം കൊണ്ട് മണി ആരാധകരെ സൃഷ്ടിച്ചു. നാടന്‍ പാട്ടുകളിലൂടെ ആരാധകരെ കയ്യിലെടുത്തു. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും മണി നെഞ്ചോട് ചേര്‍ത്തുവെച്ചു.
വിസ്മൃതിയിലേക്കാണ്ടുപോയ നാടന്‍പാട്ടെന്ന കലയെ ഇത്രമേല്‍ ജനപ്രിയമാക്കിയ മറ്റൊരു മലയാളിയുണ്ടാകില്ല. പാട്ടുപോലെതന്നെ ചടുലമായിരുന്നു മണിയെന്ന കലാകാരന്റെ ജീവിതവും. മണി എന്നുമൊരു ആഘോഷമായിരുന്നു. ഇല്ലായ്മകളില്‍നിന്ന് പോരാടുന്ന ഓരോ മലയാളിയുടെയും മുന്നില്‍വെച്ച ബഹുമുഖങ്ങളുള്ള കണ്ണാടി.
പഠനത്തില്‍ പിന്നോക്കക്കാരനായപ്പോഴും പഠനമൊഴികെയുള്ള എല്ലാ വിഷയത്തിലും മുന്നിട്ടുനിന്ന വിദ്യാര്‍ത്ഥി. പത്താം ക്ലാസ്സില്‍ പഠനം നിര്‍ത്തി തെങ്ങുകയറ്റക്കാരനായും മണല്‍വാരല്‍ തൊഴിലാളിയായും ഓട്ടോറിക്ഷ ഡ്രൈവറായുമൊക്കെ ഉപജീവനം നടത്തിയ ഒരു സാധാരണക്കാരന്‍. എന്നാല്‍ പട്ടിണിയ്ക്കും പരിവട്ടങ്ങള്‍ക്കുമൊപ്പം വളരുമ്പോഴും, കെടാത്ത അഗ്‌നിപോലെ കലയോടുള്ള സ്‌നേഹം മനസ്സില്‍ സൂക്ഷിച്ചവന്‍. ആ ഇഷ്ടമാണ് മണിയെന്ന ചെറുപ്പക്കാരനെ കലാഭവന്റെ മിമിക്‌സ് ട്രൂപ്പിലെത്തിച്ചത്.
സൗന്ദര്യത്തിന് പ്രത്യക്ഷത്തിലും ജാതിവ്യവസ്ഥയ്ക്ക് പരോക്ഷമായും വേരുകളുണ്ടായിരുന്ന മലയാള സിനിമാലോകത്ത് നായകന്റെ എര്‍ത്തോ വീട്ടുവേലക്കാരനോ പാല്‍ക്കാരനോ ചെത്തുകാരനോ ഒക്കെയായി ഒതുങ്ങിപ്പോയേക്കാവുന്ന സാധ്യതകള്‍ മാത്രമായിരുന്നു ആ ചെറുപ്പക്കാരന് മുന്നിലുണ്ടായിരുന്നത്. എന്നാല്‍, പ്രതിഭയും നിഷ്‌കളങ്കമായ ചിരിയും സ്വതഃസിദ്ധമായ നര്‍മ്മവും നാടന്‍പാട്ടുകളും കൊണ്ട് തന്റെ കഥാപാത്രങ്ങള്‍ക്ക് കലാഭവന്‍ മണി ജീവന്‍ പകര്‍ന്നപ്പോള്‍ മലയാളികളുടെ സ്‌നേഹം നേടിയെടുക്കാന്‍ ആ കലാകാരന് കഴിഞ്ഞു. പ്രത്യേക താളത്തിലുള്ള ആ ചിരി മണിയെ ആബാലവൃദ്ധം ജനങ്ങള്‍ക്കും പരിചിതനാക്കി.
അക്ഷരം എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറുടെ കഥാപാത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കുള്ള കലാഭവന്‍ മണിയുടെ അരങ്ങേറ്റം. സല്ലാപം എന്ന ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ ശ്രദ്ധേയനാക്കി. പിന്നെ, മണിയുടെ കാലമായിരുന്നു.
പകരംവയ്ക്കാനില്ലാത്ത ഒരുപിടി കഥാപാത്രങ്ങള്‍. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, വാല്‍ക്കണ്ണാടി, കരടി, ബെന്‍ ജോണ്‍സണ്‍... അങ്ങനെ നായകനായും പ്രതിനായകനായും സഹനടനായും മണി തിളങ്ങി. തെന്നിന്ത്യന്‍ സിനിമയില്‍ മണിക്ക് തുല്യം മണി മാത്രമായി.
2016 മാര്‍ച്ച് അഞ്ചിനാണ് വീടിന് സമീപത്തെ അതിഥിമന്ദിരമായ പാഡിയില്‍ കലാഭവന്‍ മണിയെ രക്തം ഛര്‍ദ്ദിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഉടനെ എറണാകുളത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഒടുവില്‍ പാതിവഴിയിലെവിടെയോ മുറിഞ്ഞുപോയ ഒരു നാടന്‍പാട്ടു പോലെ ജീവിതത്തില്‍ നിന്ന് ആ മനുഷ്യന്‍ മടങ്ങിയപ്പോള്‍ ചാലക്കുടി അക്ഷരാര്‍ത്ഥത്തിലൊരു ജനസാഗരമായിമാറി.

-ഷാഫി തെരുവത്ത്

Related Articles
Next Story
Share it