സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് അര്‍ധസെഞ്ചുറി. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഓസ്ട്രേലിയ എയ്ക്കെതിരെ നടന്ന ത്രിദിന പിങ്ക് ബോള്‍ മല്‍സരത്തിലാണ് ജസ്പ്രീത് ബുംറ തന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ കന്നി ഫിഫ്റ്റി തികച്ചത്. മുന്‍നിര ബാറ്റ്സ്മാന്മാര് നിരാശപ്പെടുത്തിയ മല്‍സരത്തില്‍ ബുംറ തന്നെയാണ് ടോപ്പ് സ്കോറര്‍. ഇന്ത്യന്‍ നിരയില്‍ മറ്റാരും 50 റണ്‍സ് തികച്ചില്ല.
57 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്സറുമടക്കം 55 റണ്‍സോടെ അദ്ദേഹം പുറത്താവാതെ നിന്നു. വ്യക്തിഗത സ്കോര്‍ 47ല്‍ നില്‍ക്കെ സിക്സര്‍ പറത്തിയാണ് ബുംറ കരിയറിലെ കന്നി ഫസ്റ്റ് ക്ലാസ് ഫിഫ്റ്റി ആഘോഷിച്ചത്. 54 പന്തുകളില്‍ നിന്നായിരുന്നു അര്‍ധസെഞ്ച്വറി.
ടോസ് ലഭിച്ച് ബാറ്റ് ചെയ്ത ഇന്ത്യന്‍ എ ടീമിന്റെ ഒന്നാമിന്നിങ്സ് 48.3 ഓവറില്‍ 194 റണ്‍സിനു അവസാനിച്ചു. ശുഭ്മാന്‍ ഗില്‍ (43), പൃഥ്വി ഷാ (40), മുഹമ്മദ് സിറാജ് (22), ഹനുമാ വിഹാരി (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. അവസാന വിക്കറ്റില്‍ ബുംറ-സിറാജ് സഖ്യത്തിന്റെ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ 194 റണ്‍സിലെത്തിച്ചത്. ഒരു ഘട്ടത്തില്‍ ഒമ്പതിന് 123 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യന്‍ സ്കോര്‍.
ഇന്നിംഗ്സ് അവസാനിച്ചതോടെ ടീം അംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയാണ് ബുംറയെ ഡ്രസ്സിംഗ് റൂമിലേക്ക് ആനയിച്ചത്.
Watch: Jasprit Bumrah Slams Stylish Six To Reach Maiden First-Class Fifty