മംഗളൂരു: നഗരത്തില്‍ രണ്ടിടങ്ങളിലായി ലഷ്കര്‍ ഇ ത്വയ്ബ അനൂകൂല ചുവരെഴുത്ത് നടത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നു. കേസില്‍ അറസ്റ്റിലായവര്‍ക്ക് തീവ്രവാദഗ്രൂപ്പുമായി ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും അന്വേഷണസംഘം പരിശോധിച്ചു. തീവ്രവാദവുമായി ബന്ധമുള്ള കുപ്രസിദ്ധരായ ചിലരുടെ വീഡിയോ ക്ലിപ്പുകളും മറ്റ് സാഹിത്യങ്ങളും ഉപകരണങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കേസ് കൂടുതല്‍ ഗുരുതരമായി മാറിയിരിക്കുകയാണെന്നും അന്വേഷണം ശക്തമാക്കുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു. ഇസ്ലാം, ഹിന്ദുമതം, ക്രിസ്ത്യാനിറ്റി, ബുദ്ധമതം തുടങ്ങിയ വിവിധ മതങ്ങളുമായി ബന്ധപ്പെട്ട 150 ഓളം പുസ്തകങ്ങള്‍ പ്രതികളുടെ കൈവശമുണ്ട്. കൂടാതെ, ഐ.എസ്.ഐ.എസിനായി പവര്‍ത്തിക്കുന്ന ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കപ്പെട്ട ജമൈക്കയില്‍ നിന്നുള്ള ഷെയ്ഖ് അബ്ദുല്ല ഫൈസലിന്റെ പ്രകോപനപരമായ വീഡിയോകളും പ്രതികള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെടാന്‍ കാരണമായി. ഇവര്‍ക്ക് ലഭിച്ച സാമ്പത്തിക സഹായത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അറസ്റ്റിലായ തീര്‍ഥഹള്ളി സ്വദേശികളായ മുഹമ്മദ് ഷാരിക്ക്, മാസ് മുനീര്‍ അഹമ്മദ് എന്നിവരെ കഴിഞ്ഞ ദിവസം കോടതി 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഓപ്പറേഷന് നടത്താന്‍ മുന്നിട്ടിറങ്ങിയത് ഷാരിക്ക് ആണെങ്കിലും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കൂടിയായ മുനീര്‍ അഹമ്മദാണ് കാര്യങ്ങള്‍ ചെയ്തുവന്നിരുന്നത്. മുറിക്കകത്ത് ഇരുന്ന് പദ്ധതികള്‍ തയ്യാറാക്കലായിരുന്നു മുനീറിന്റെ ജോലി. മുഹമ്മദ് ഷാരിക് ചുറ്റിനടന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ കേസ് ഏറ്റെടുക്കുമെന്ന് സൂചനയുണ്ട്.
Mangaluru: Global terrorist link, literature – Graffiti case becomes murkier