മലപ്പുറം: വഖഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് വിട്ടതിനെ ചൊല്ലിയുള്ള സമരങ്ങളില്‍ സമസ്ത പങ്കെടുക്കില്ലെന്ന് പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത സമരം ആഹ്വാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സമസ്തക്ക് സമരമല്ല, പ്രതിഷേധ രീതിയാണുള്ളത്. എന്നാല്‍ വഖഫ് വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് അറിയിച്ചതോടെ പ്രതിഷേധം വേണ്ടെന്ന നിലപാടാണ് സമസ്തക്കെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.
വഖഫ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേത് മാന്യമായ സമീപനമാണ്. വഖഫ് നിയമനം പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. തുടര്‍ നടപടികളൊന്നും നിലവില്‍ എടുത്തിട്ടില്ലെന്നാണ് പറഞ്ഞത്. ആ സ്ഥിതിക്ക് ഇനി പ്രതിഷേധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗ് അടക്കം ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അകലമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പൊതു കോഡിനേഷന്‍ കമ്മിറ്റി സമസ്തയ്ക്കില്ല. തങ്ങള്മാര് വിളിച്ചു ചേര്‍ക്കുമ്പോഴാണ് കോഡിനേഷന്‍ കമ്മിറ്റി ഉണ്ടാവുക.
അതേ സമയം സമസ്ത നിലപാട് വ്യക്തമാക്കിയതോടെ, മുസ്ലിം ലീഗ് പ്രതിരോധത്തിലായി. ലീഗ് നിലപാട് പി.എം.എ സലാം അറിയിക്കുമെന്ന് കെ.പി.എ മജീദ് പറഞ്ഞു.
വ്യാപക പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോവുകയായിരുന്നു. നിയമനം പി.എസ്.സിക്ക് വിടും മുമ്പ് വിശദമായ ചര്‍ച്ച നടത്തുമെന്നും അത് വരെ തല്‍സ്ഥിതി തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ സമസ്ത നേതാക്കളെ അറിയിച്ചിരുന്നു.