വിദ്യാനഗര്‍: വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തെ റോഡ് തകര്‍ന്ന നിലയില്‍ തന്നെ. കാലങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡ് നന്നാക്കാന്‍ നടപടിയായില്ല. കലക്ടറേറ്റ് റോഡില്‍ നിന്ന് കെ.എസ്.ഇ.ബി ഓഫീസ് വഴി ഉദയഗിരിയിലേക്ക് പോകുന്ന റോഡാണ് തകര്‍ന്ന് കിടക്കുന്നത്. വിദ്യാനഗറില്‍ കോടതി സമുച്ചയത്തിന് പിറകുവശത്തുകൂടി കടന്നുപോകുന്ന റോഡില്‍ ജില്ലികള്‍ ഇളകിയ നിലയിലാണ്. ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും അടക്കമുള്ള ചെറിയ വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകാറുള്ളത്. ഉദയഗിരിയിലേക്ക് കാല് നടയായി പോകാനും ഈ റോഡിനെ ആളുകള്‍ ഉപയോഗിക്കുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കാല്‍നടയായും വാഹനത്തിലൂടെയും പോകുന്നത് തകര്‍ന്ന റോഡിലൂടെയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള മഴക്കാലത്തെ യാത്രയാണ് കൂടുതല്‍ ദുഷ്ക്കരമാകുന്നത്. വാഹനങ്ങള്‍ നിയന്ത്രണം വിടാനും അപകടത്തില്‍പെടാനും റോഡിന്റെ ശോചനീയാവസ്ഥ ഇടവരുത്തുന്നു. വാഹനങ്ങളുടെ ചക്രങ്ങള്‍ക്ക് കേടുപാടുകളും സംഭവിക്കുന്നു. റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ നടപടികളുണ്ടാകുന്നില്ല. അതേസമയം ജില്ലാ ആസ്ഥാനമായ വിദ്യാനഗര്‍ പരിസരത്തെ നിരവധി റോഡുകളാണ് ഇത്തരത്തില്‍ തകര്‍ന്നുകിടക്കുന്നത്. വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കുള്ള രണ്ട് റോഡുകളും ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സ്ഥിരം അധികൃതരുടെ ശ്രദ്ധയില്‍പെടുന്ന റോഡുകളായിട്ടും ഇവ നന്നാക്കാന്‍ നടപടി സ്വീകരിക്കാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.