കാഞ്ഞങ്ങാട്: സിനിമാ-സീരിയല്‍ നടന് ഷിയാസ് കരീമിനെതിരായ പീഡനക്കേസുമായി ബന്ധപ്പെട്ട് ചന്തേരയില്‍ നിന്നുള്ള പൊലീസ് സംഘം മൂന്നാറിലും മറയൂരിലും പോയി തെളിവെടുപ്പ് നടത്തി.
ചന്തേര എസ്.ഐ എം.വി ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധനക്കും തെളിവെടുപ്പിനുമായി മൂന്നാറിലേക്കും മറയൂരിലേക്കും പോയത്. പടന്ന സ്വദേശിനിയായ 32കാരിയെ വിവാഹവാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ഷിയാസ് കരീമിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ വിശദമായ അന്വേഷണം തുടരാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. കോടതി നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം ചന്തേര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഷിയാസ് കരീമിനെ സി.ഐ ജി.പി മനുരാജ് വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ മൂന്നുമണിക്കൂറിലധികമാണ് നീണ്ടുനിന്നത്. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന യുവതിയുടെ പരാതിയെ തുടര്‍ന്ന് ഷിയാസിന്റെ മൊബൈല്‍ ഫോണും പൊലീസ് പരിശോധിച്ചു.
മൊബൈലില്‍ ചിത്രങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്. ഇന്ന് ഹൊസ്ദുര്‍ഗ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. അതേ സമയം പരാതിക്കാരിയായ യുവതിയുമായുള്ള ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമാണെന്നും വിവാഹിതയാണെന്നും ഒരു കുട്ടിയുടെ മാതാവാണെന്നുമുള്ള കാര്യം മറച്ചുവെച്ചാണ് തന്നോട് അടുപ്പം കാണിച്ചതെന്നുമാണ് ഷിയാസ് പൊലീസിന് മൊഴി നല്‍കിയത്.
സഹോദരനാണെന്ന് പറഞ്ഞാണ് മകനെ യുവതി പരിചയപ്പെടുത്തിയതെന്നും ഷിയാസ് പൊലീസിനോട് വ്യക്തമാക്കിയിരുന്നു.