ഉപ്പളയില്‍ ഉമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

റിമാണ്ടിലായത് മണിമുണ്ടയില്‍ ഓട്ടോ ഡ്രൈവറായി ജോലി നോക്കുന്ന മൊഹല്‍ സി അഷ്‌റഫ് ഖാന്‍

ഉപ്പള: മണിമുണ്ടയില്‍ ഉമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. മണിമുണ്ട സ്വദേശി മൊഹല്‍ സി അഷ്‌റഫ് ഖാനെ(34) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. കഴിഞ്ഞദിവസം അര്‍ധരാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മണിമുണ്ടയില്‍ ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയാണ് യുവാവ്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് ബന്ധുക്കള്‍ പറയുന്നു. രാത്രി 12.30 മണിയോടെ വീട്ടിലെത്തിയ യുവാവ് ഉമ്മയുമായി വഴക്കിട്ടു. വാക്കുതര്‍ക്കത്തിനിടെ അവിടെ ഉണ്ടായിരുന്ന കത്തി എടുത്ത് യുവാവ് തുരുതുരാ വെട്ടുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മാതാവ് സെമീമ ബാനു(56) വിനെ ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ആദ്യം മംഗല്‍പാടി താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് കാസര്‍കോട് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവം നടന്ന സ്ഥലത്ത് രക്തം തളം കെട്ടിക്കിടക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മഞ്ചേശ്വരം പൊലീസ് രാത്രി തന്നെ സ്ഥലത്തെത്തി പ്രതിക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പ്രതിയെ കണ്ടെത്തുകയും വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു.

Related Articles
Next Story
Share it