ആണ്‍സുഹൃത്തിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; പിന്നാലെ ബന്ധുവിനെ വെട്ടി പരിക്കേല്‍പ്പിച്ച് സുഹൃത്തിന്റെ പ്രതികാരം

കഴിഞ്ഞ ദിവസം മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം

ഉപ്പള: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. ഇതിന് പ്രതികാരമായി ആണ്‍ സുഹൃത്തിന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി ബന്ധുവിനെയും മറ്റു രണ്ട് പേരെയും വെട്ടി പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ ദിവസം മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും 23 വയസുകാരനും തമ്മില്‍ ഏറെക്കാലമായി സ്നേഹത്തിലായിരുന്നു. സംഭവം അറിഞ്ഞതോടെ യുവാവിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ താക്കിത് നല്‍കിയിരുന്നു. ഇത് വകവയ്ക്കാതെ പെണ്‍കുട്ടിയോട് യുവാവ് വീണ്ടും ഫോണിലും മറ്റും സംസാരിക്കാന്‍ തുടങ്ങി. ഇതോടെ കഴിഞ്ഞദിവസം രാത്രി യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ബലമായി പിടിച്ചു കൊണ്ടുവന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിച്ചതിന് ശേഷം മര്‍ദ്ദിച്ചു.

തുടര്‍ന്ന് ഫോണിലെ ഗ്യാലറിയിലുള്ള ഫോട്ടോ കാണാന്‍ വേണ്ടി വീട്ടുകാര്‍ യുവാവിന്റെ കൈയില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തു. ലോക്ക് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചില ആളുകളെ വിളിച്ച് വരുത്തി ഫോണിന്റെ ലോക്ക് തുറക്കുകയും ഇതില്‍ പെണ്‍കുട്ടിയുടെയും മറ്റു സ്ത്രീകളുടെയും ഫോട്ടോകള്‍ കാണുകയും ചെയ്തു.

പിന്നീട് ഫോട്ടോകളെല്ലാം ഡിലീറ്റ് ചെയ്തതിന് ശേഷം യുവാവിനെ വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി രണ്ടുമണിയോടെ യുവാവിന്റെ നേതൃത്വത്തില്‍ ചെറുതും വലുതുമായ വാഹനങ്ങളില്‍ 25ല്‍ പരം സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തി വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. സംഘത്തിലെ ഒരാള്‍ വാളെടുത്ത് പെണ്‍കുട്ടിയുടെ ബന്ധുവിനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. മറ്റു രണ്ടുപേര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. പരിക്കേറ്റ മൂന്നുപേരെയും മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles
Next Story
Share it