'എന്തുകൊണ്ട് സ്യൂട്ട് ധരിച്ചില്ല':റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് സെലന്‍സ്‌കിയുടെ മറുപടി

വാഷിംഗ്ടണ്‍: അപൂര്‍വ ധാതുക്കളുടെ ഉടമ്പടിയില്‍ ഒപ്പുവെക്കാനാണ് ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ എത്തിയത്. എന്നാല്‍ ഓവല്‍ ഓഫീസിനുള്ളില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും സെലന്‍സ്‌കിയുമായി വാക്‌പോരിലേര്‍പ്പെട്ടത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്.
ഇതിന് മുമ്പ് സെലന്‍സ്‌കിയോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ വസ്ത്രധാരണത്തെ കുറിച്ച് ചോദിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഓഫീസിലെ ഉന്നതമായ മീറ്റിംഗില്‍ എന്തുകൊണ്ടാണ് താങ്കള്‍ സ്യൂട്ട് ധരിക്കാത്തതെന്നായിരുന്നു ചോദ്യം. 'എന്തുകൊണ്ടാണ് നിങ്ങള്‍ ഒരു സ്യൂട്ട് ധരിക്കാത്തത്? നിങ്ങള്‍ക്ക് ഒരു സ്യൂട്ട് ഉണ്ടോ?' അദ്ദേഹം ചോദിച്ചു.
താങ്കള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നായിരുന്നു റിപ്പോര്‍ട്ടര്‍ക്ക് സെലന്‍സ്‌കിയുടെ മറുപടി.
'ഓവല്‍ ഓഫീസിലെ വസ്ത്രധാരണരീതിയെ ബഹുമാനിക്കാത്തവരോട് ഒരുപാട് അമേരിക്കക്കാര്‍ക്ക് പ്രശ്‌നമുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ടര്‍ പ്രതികരിച്ചത്.
എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ നിരവധി പേര്‍ കമന്റുമായി രംഗത്തെത്തി. ഇലോണ്‍ മസ്‌ക് ഇതിന് മുമ്പ് ക്യാബിനറ്റ് മീറ്റില്‍ പങ്കെടുത്തപ്പോഴുള്ള വസ്ത്ര രീതി പറഞ്ഞായിരുന്നു പലരുടെയും മറുപടി.
ഇലോണ്‍ മസ്‌കിനെ ഒരു ടീ-ഷര്‍ട്ടും ബേസ്‌ബോള്‍ തൊപ്പിയും ധരിച്ച് കാബിനറ്റ് മീറ്റിംഗിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ സെലെന്‍സ്‌കിയുടെ വസ്ത്രത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ എന്തവകാശം. എന്തുകൊണ്ടാണ് അവര്‍ മസ്‌കിനോട് ഒരു സ്യൂട്ട് ഉണ്ടോ എന്ന് ചോദിക്കാത്തത്, അല്ലെങ്കില്‍ എന്തുകൊണ്ടാണ് അദ്ദേഹം ഒരിക്കലും ഒരു സ്യൂട്ട് ധരിക്കാത്തത്! എന്നായിരുന്നു ഒരു എക്‌സ് ഉപയോക്താവിന്റെ കമന്റ്
2022 ല്‍ പൊട്ടിപ്പുറപ്പെട്ട റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിച്ചതിന് ശേഷം താന്‍ ഒരു സ്യൂട്ട് ധരിക്കുമെന്ന് സെലെന്‍സ്‌കി ഉത്തരം പറഞ്ഞു.
'ഈ യുദ്ധം അവസാനിച്ചതിന് ശേഷം ഞാന്‍ സ്യൂട്ട് ധരിക്കും, അതെ. ഒരുപക്ഷേ നിങ്ങളുടേത് പോലെയുള്ളത്, , ഒരുപക്ഷേ മെച്ചപ്പെട്ട മറ്റെന്തെങ്കിലും, ഒരുപക്ഷേ വിലകുറഞ്ഞത്. എനിക്കത് പറയാന്‍ പറ്റില്ല. നന്ദി,' അദ്ദേഹം പറഞ്ഞ് അവസാനിപ്പിച്ചു.
ഇതിനിടെ ട്രംപ് ഇരുവരുടെയും സംഭാഷണത്തില്‍ ചേരുകയും വസ്ത്രധാരണത്തെ പ്രശംസിക്കുകയും ചെയ്തു.
സെലെന്‍സ്‌കി ഇതേ മാതൃകയിലുള്ള വസ്ത്രം ഇതിന് മുമ്പും ധരിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലും 2023 ല്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലും അദ്ദേഹം ധരിച്ചിരുന്നു.