'ഞങ്ങള്‍ ഉറക്കെ നിലവിളിച്ചു, അയാള്‍ നിര്‍ത്തിയില്ല' : ലോറിക്കടിയില്‍പ്പെട്ട യുവാക്കള്‍



ഉത്തര്‍പ്രദേശ്; സാക്കിറിനും സുഹൃത്തിനും ഇപ്പോഴും ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരെയും ഞെട്ടിച്ച സംഭവമുണ്ടായത്. ആഗ്ര പാതയില്‍ ലോറിക്കടിയില്‍പെട്ട ഇരുവരെയും ലോറി വലിച്ചിഴച്ച് കൊണ്ടുപോയ സംഭവം പുറം ലോകമറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ലോറിക്കടിയില്‍പെട്ട സാക്കിര്‍ സഹായം തേടി കരയുന്നതും ലോറി നിര്‍ത്താന്‍ ആവശ്യപ്പെടുന്നതുമായ 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യം മറ്റൊരു യാത്രക്കാരനാണ് പകര്‍ത്തിയത്. സംഭവത്തെ കുറിച്ച് സാക്കിര്‍ പറയുന്നതിങ്ങനെ

''ഭക്ഷണത്തിന് ശേഷം ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു. ലോറിയെ ഞങ്ങള്‍ മറികടന്ന സമയത്ത് ലോറി വേഗത കൂട്ടി ഞങ്ങളെ ഇടിച്ചു. ഞങ്ങളുടെ ബൈക്ക് ലോറിയുടെ മുന്നില്‍ അടിയില്‍ കുടുങ്ങി. ഞങ്ങളുടെ കാലുകളും കുടുങ്ങിയ നിലയിലായിരുന്നു. ഞങ്ങള്‍ ഉറക്കെ നിലവിളിച്ചു. അയാളോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പക്ഷെ കുറേ ദൂരം ഞങ്ങളെ വലിച്ചിഴച്ച് കൊണ്ടുപോയി.''

പിന്നാലെ വന്ന ബൈക്കില്‍ സഞ്ചരിച്ചവര്‍ ലോറിയെ മറി കടന്ന് മുന്നില്‍ വന്ന് ലോറി ഡ്രൈവറോട് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഓടിക്കൂടിയ ജനക്കൂട്ടം ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും വലിച്ചിഴച്ച റോഡില്‍ രക്തം പുരണ്ടിരുന്നു. ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.


Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it