കോഴിവണ്ടി മറിഞ്ഞു; പരുക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിക്കാതെ കോഴികളെ പിടികൂടാന്‍ ഓടിക്കൂടി ആളുകള്‍; വീഡിയോ വൈറല്‍

ആഗ്ര: കോഴികളുമായി എത്തിയ ലോറി അപകടത്തില്‍പെട്ട് മറിഞ്ഞപ്പോള്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിക്കാതെ കോഴികളെ പിടികൂടാന്‍ ഓടിയെത്തിയ ആളുകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഉത്തര്‍പ്രദേശിലെ കനൗജില്‍ ആഗ്ര എക്‌സ്പ്രസ് വേയില്‍ ശനിയാഴ്ച നടന്ന സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഡ്രൈവറും സഹായിയും അപകടത്തില്‍പെട്ട് പരുക്കേറ്റ് കിടന്നിട്ടും ഒന്ന് തിരിഞ്ഞുപോലും നോക്കാതെയാണ് കോഴികളെ പിടികൂടി വീട്ടില്‍ കൊണ്ടുപോകാന്‍ ആളുകള്‍ തിടുക്കം കാട്ടിയത്.

ആളുകള്‍ റോഡില്‍ കൂട്ടമായി എത്തിയതോടെ ഗതാഗതം സ്തംഭിച്ചു. ഒടുവില്‍ പൊലീസും ഉത്തര്‍പ്രദേശ് എക്‌സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതിനു ശേഷമാണ് പ്രശ്നം പരിഹരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഡ്രൈവര്‍ സലീമും സഹായി കലീമും അമേത്തിയില്‍ നിന്ന് ഫിറോസാബാദിലേക്ക് ആഗ്ര-ലഖ് നൗ എക്സ്പ്രസ്വേ വഴി കോഴികളെ കൊണ്ടുപോകുകയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ്, സകരാവയിലെത്തിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്ന് അഡീഷണല്‍ എസ്പി അജയ് കുമാര്‍ പറഞ്ഞു.

Related Articles
Next Story
Share it