ആകാശത്തായാലും ആഘോഷങ്ങള്‍ക്ക് കുറവില്ല; സ്‌പൈസ് ജെറ്റ് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ യാത്രക്കാര്‍ക്ക് വേണ്ടി ഒരുക്കിയ ഹോളി ആഘോഷം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

ആകാശത്തായാലും ആഘോഷങ്ങള്‍ക്ക് കുറവില്ല, സ്‌പൈസ് ജെറ്റ് കാബിന്‍ ക്രൂ അംഗങ്ങള്‍ യാത്രക്കാര്‍ക്ക് വേണ്ടി ഒരുക്കിയ ഹോളി ആഘോഷമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സ്‌പൈസ് ജെറ്റിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിലാണ് വിഡിയോ പങ്കുവച്ചത്.

'ഹോളി ദിനത്തില്‍ സ്പൈസ്‌ജെറ്റ് തങ്ങളുടെ ഉപഭോക്താക്കളെ ഇങ്ങനെ രസിപ്പിക്കുന്നു' എന്ന അടിക്കുറിപ്പോടെ ഗോവിന്ദ് റോയ് എന്ന ഉപയോക്താവും ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കിട്ടു. സ്പൈസ് ജെറ്റിന്റെ എയര്‍ ഹോസ്റ്റസുമാരും ഫ് ളൈറ്റ് സ്റ്റുവാര്‍ഡുകളും ആവേശത്തോടെ ഇടനാഴിയില്‍ നൃത്തം ചെയ്യുന്നത് വിഡിയോയില്‍ കാണാം. വിമാനത്തിനുള്ളില്‍ അക്ഷരാര്‍ഥത്തില്‍ ഉത്സവ ഊര്‍ജ്ജം പകര്‍ന്നു ഈ ആഘോഷം. യാത്രക്കാര്‍ അപ്രതീക്ഷിതമായ വിമാനത്തിലെ ഈ ആഘോഷ പരിപാടികള്‍ ആസ്വദിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ട്.

യാത്രക്കാരെ ചന്ദനം തൊട്ട് വിമാനത്തിലേക്ക് ആനയിക്കുന്നിടത്താണ് വിഡിയോയുടെ തുടക്കം. പിന്നാലെ സീറ്റുകള്‍ക്കിടയിലെ പരിമിതമായ സ്ഥലത്ത് അണിനിരക്കുന്ന കാബിന്‍ ക്രൂ അംഗങ്ങള്‍ 'യേ ജവാനി ഹേ ദീവാനി' എന്ന ബോളിവുഡ് ചിത്രത്തിലെ ജനപ്രിയ ഗാനമായ ബാലം പിച്ചകാരിയുടെ താളത്തിന് അനുസരിച്ച് ചുവടുകള്‍ വയ്ക്കുന്നു. പരിമിതമായ സ്ഥലമായിരുന്നിട്ടും കാബിന്‍ ക്രൂ അംഗങ്ങളെല്ലാവരും ആസ്വദിച്ച് നൃത്തം ചെയ്യുന്നത് വിഡിയോയില്‍ കാണാം. ചില യാത്രക്കാരും ഇവര്‍ക്കൊപ്പം നൃത്തത്തില്‍ പങ്കുചേരുന്നു.

വിഡിയോ ചിത്രീകരിച്ചത് വിമാനം പറന്നുയരുന്നതിന് മുമ്പാണെന്നും എല്ലാ സുരക്ഷാ മുന്‍കരുതലും പാലിച്ചാണ് വിഡിയോ ചിത്രീകരിച്ചതെന്നും സ്‌പെയ്‌സ് ജെറ്റ് വിഡിയോയ്ക്ക് ഒപ്പം കുറിച്ചു. വിഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ 3,00000-ത്തിലധികം കാഴ്ചക്കാര്‍ കണ്ടുകഴിഞ്ഞു. സ്‌പൈസ് ജെറ്റ് ആഘോഷത്തെ തുടര്‍ന്ന് യാത്രക്കാര്‍ സന്തോഷിക്കുന്ന ആദ്യ സംഭവം എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ തമാശയായി കുറിച്ചത്.

'മറ്റ് എയര്‍ലൈനുകളുടെ ജീവനക്കാര്‍ക്ക് ഇന്ന് അവധിയാണ്. പക്ഷേ എസ്.ജി ജീവനക്കാര്‍ക്കോ? അവര്‍ വിമാനയാത്രയ്ക്കിടെ ഹോളി ആസ്വദിക്കുകയാണോ!' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. വരും വര്‍ഷങ്ങളിലും സ്‌പൈസ് ജെറ്റിന്റെ വക കൂടുതല്‍ ഹോളി വിമാനങ്ങള്‍ പറന്നുയരുമെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്.

പതിവായി ചില എയര്‍ലൈനുകള്‍ക്കെതിരെ യാത്രക്കാര്‍ നിരന്തരം പരാതി ഉയര്‍ത്തുന്നതിനിടെയാണ് സ്‌പൈസ് ജെറ്റ് കാബിന്‍ ക്രൂ അംഗങ്ങളുടെ യാത്രക്കാര്‍ക്ക് വേണ്ടിയുള്ള ഹോളി ആഘോഷം. അതെങ്ങനെ മിസ് ചെയ്യുമെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ചോദ്യം.

Related Articles
Next Story
Share it