'നേരിട്ട് ചോദ്യം ചെയ്യൂ..!!' ഒറ്റ മറുപടിയില്‍ തട്ടിപ്പുകാരെ വെട്ടിലാക്കി യുവതി

മുംബൈ; ഒരൊറ്റ മറുപടിയില്‍ സൈബര്‍ തട്ടിപ്പുകാരെ മുട്ടുകുത്തിച്ചിരിക്കുയാണ് മുബൈയിലെ യുവതി. ഡിജിറ്റല്‍ തട്ടിപ്പിലൂടെ കുടുക്കാന്‍ നോക്കിയ സംഘത്തെയാണ് യുവതി വെട്ടിലാക്കിയത്. സംഭവത്തില്‍ ദാഹിസാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.

കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. മുംബൈയിലെ ബോറിവാലി ജില്ലയിലെ യുവതിക്ക് ഫോണില്‍ കോള്‍ വന്നു. നേരത്തെ റെക്കോര്‍ഡ് ചെയ്ത ശബ്ദസന്ദേശമായിരുന്നു അത്. താങ്കളുടെ ഫോണ്‍ നമ്പര്‍ നിര്‍ജീവമാവാന്‍ പോവുകയാണെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് കുറച്ച് നിര്‍ദേശങ്ങളും ഉണ്ടായി.നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നപ്പോള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓപ്പറേറ്ററുമായി കണക്ട് ചെയ്യുകയാണെന്ന അറിയിപ്പ് കിട്ടി. യുവതിയുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതിലൂടെ യുവതിയുടെ ഫോണ്‍ നമ്പറില്‍ നിന്ന് അപമാനിക്കുന്ന തരത്തില്‍ ഫോണ്‍ വിളികള്‍ ഉണ്ടായെന്നും കാണിച്ച് 15 പേര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഓപ്പറേറ്ററെന്ന് അവകാശപ്പെട്ടയാള്‍ പറഞ്ഞു. എന്നാല്‍ യുവതി ഇത് നിഷേധിച്ചു. താന്‍ ആരെയും വിളിച്ചില്ലെന്ന് വ്യക്തമാക്കി.

ഓപ്പറേറ്ററുടെ ഫോണ്‍ കട്ടായതിനു പിന്നാലെ വീഡിയോ കോള്‍ വന്നു. മുംബൈ ക്രൈംബ്രാഞ്ചിലെ ഓഫീസറായ സഞ്ജയ് സിംഗ് ആണെന്ന് പരിചയപ്പെടുത്തി. ഇയാള്‍ പൊലീസ് യൂണിഫോമിലായിരുന്നു. മുംബൈ പൊലീസിന്റെ ലോഗോയും അയാള്‍ക്ക് പിന്നില്‍ കാണാമായിരുന്നു. യുവതിയുടെ ഫോട്ടോയും ആധാര്‍ കാര്‍ഡിന്റെ കോപ്പിയും വാട്‌സ്ആപ്പില്‍ പങ്കുവെക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രണ്ട് കോടി രൂപയുടെ തട്ടിപ്പില്‍ യുവതി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കാതെ രഹസ്യമായി ചോദ്യം ചെയ്യലിന് വിധേയയാവണമെന്നും ഇയാള്‍ യുവതിയോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് പണത്തട്ടിപ്പില്‍ ഉള്‍പ്പെട്ടുവെന്ന് കാണിച്ച് അഞ്ച് പേരുടെ ചിത്രങ്ങള്‍ യുവതിയെ കാണിച്ചു. ഫോട്ടോയിലുള്ളവരെ അറിയാമോ എന്നും ചോദിച്ചു. ഇവരെയൊന്നും അറിയില്ലെന്ന് വ്യക്തമാക്കിയ യുവതിയോട് ബാങ്ക് രേഖകള്‍ കാണിക്കാനും പങ്കുവെക്കാനും ആവശ്യപ്പെട്ടു.ഈ ഘട്ടത്തില്‍ യുവതിക്ക് കാര്യം പിടികിട്ടി. തട്ടിപ്പുകാരാണ് എന്ന് മനസിലായി. താങ്കള്‍ പൊലീസുകാരനാണെങ്കില്‍ എന്നെ നേരിട്ട് ചോദ്യം ചെയ്യണമെന്നും വീഡിയോയില്‍ അല്ലെന്നും യുവതി പറഞ്ഞു. ഉടന്‍ പൊലീസ് കമ്മീഷ്ണറേറ്റിലേക്ക് എത്താമെന്നും തെളിവുകള്‍ ഹാജരാക്കാം എന്നും നേരിട്ട് കാണാമെന്നും പറഞ്ഞതോടെ സംഘം തട്ടിപ്പ് രംഗം നിര്‍ത്തുകയായിരുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it