മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ ഓട്ടോയില്‍ 'സൗജന്യ യാത്ര' സ്റ്റിക്കര്‍;ഇന്ന് മുതല്‍ പ്രാബല്യത്തില്‍

കൊച്ചി: ഓട്ടോറിക്ഷയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ 'സൗജന്യ യാത്ര' എന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഇന്നുമുതല്‍ നടപടി തുടങ്ങും.

ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇതുസംബന്ധിച്ച നിര്‍ദേശം മോട്ടോര്‍ വാഹന വകുപ്പ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഭൂരിപക്ഷം ഓട്ടോറിക്ഷകളിലും സ്റ്റിക്കര്‍ പതിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തി.

ഫിറ്റ് നസ് ടെസ്റ്റില്‍ തന്നെ ഈ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. മീറ്റര്‍ ഇടാതെ ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തുന്നത് വ്യാപകമായതോടെയാണ് ഇത്തരമൊരു നിര്‍ദേശം നടപ്പില്‍ വരുത്താന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

ഡ്രൈവിംഗിനിടെ ബസ് ഡ്രൈവര്‍ ഉറങ്ങിയാല്‍ ഉണര്‍ത്താനുള്ള അലാറം സ്ഥാപിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഡ്രൈവറുടെ കണ്ണടഞ്ഞുപോയാല്‍ മുന്നറിയിപ്പ് നല്‍കുന്ന ക്യാമറ ഡാഷ് ബോര്‍ഡില്‍ സ്ഥാപിക്കും. ഇതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ഉപകരണം വഴി അലാറമടിക്കുകയും ഉറക്കം മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടുകയും ചെയ്യും.

അതേസമയം മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി കൊച്ചിയിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ രംഗത്തെത്തി. മീറ്റര്‍ ഇട്ട് തന്നെയാണ് ഓട്ടോ ഓടിക്കുന്നത് എന്നും ഇത്തരത്തില്‍ അടിച്ചേല്‍പ്പിക്കുന്ന നടപടികള്‍ അംഗീകരിക്കില്ലെന്നുമാണ് ഇവരുടെ നിലപാട്. ഈ വിഷയത്തില്‍ സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്താനൊരുങ്ങുകയാണ് യൂണിയനുകള്‍.

Related Articles
Next Story
Share it