ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങുന്നതിനിടെ കാല്‍തെറ്റി വീണ യാത്രക്കാരിക്ക് രക്ഷകനായി റെയില്‍വേ പൊലീസ്

മുംബൈ: ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങുന്നതിനിടെ കാല്‍തെറ്റി വീണ യാത്രക്കാരിക്ക് രക്ഷകനായി റെയില്‍വേ പൊലീസ്. മുംബൈയിലെ ബോറവല്ലി സ്റ്റേഷനില്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പാളത്തിലേക്ക് വീഴാന്‍ പോയ യാത്രക്കാരിയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അദ്ഭുതകരമായി രക്ഷിക്കുന്ന വിഡിയോ ആണ് വൈറലായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയം എക്‌സ് പ്ലാറ്റ് ഫോമില്‍ പങ്കുവച്ചിട്ടുണ്ട്.

വിഡിയോയില്‍ ഓടുന്ന ട്രെയിനില്‍ നിന്നും യുവതി ഇറങ്ങാന്‍ ശ്രമിക്കുന്നു. ഇതിനിടെ കാല്‍തെറ്റി ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിലുള്ള വിടവിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ ഓടിയെത്തി സ്ത്രീയെ രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തില്‍ പരുക്കൊന്നും ഏല്‍ക്കാതെ യുവതി രക്ഷപ്പെട്ടു. ഉദ്യോഗസ്ഥന്റെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയോ ജീവന്‍ തന്നെ നഷ്ടമാവുകയോ ചെയ്യുമായിരുന്നു.

വിഡിയോ കണ്ട് നിരവധി പേരാണ് സുരക്ഷാ ഉദ്യോഗസ്ഥനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഒരുനിമിഷം വൈകിയിരുന്നുവെങ്കില്‍ യുവതിയുടെ ജീവന്‍ തന്നെ നഷ്ടമാകുമായിരുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥന്റെ അവസരോചിതമായ ഇടപെടല്‍ സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായി എന്നും നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Related Articles
Next Story
Share it