മന്ത്രവാദം ഫലിക്കാന്‍ ജീവനുള്ള കോഴിയെ വിഴുങ്ങി; യുവാവ് മരിച്ചു
മന്ത്രവാദം ഫലിക്കാന്‍ ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവ് മരിച്ചു. ; ഛത്തീസ്ഗഢിലെ ചിണ്ഡ്കലോ ഗ്രാമത്തിലെ 35 വയസുകാരന്‍ ആനന്ദ് യാദവ് ആണ് മരിച്ചത്. വീട്ടില്‍ ബോധരഹിതനായി വീണ ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
പോസ്റ്റ്മോര്‍ട്ടത്തില്‍, മരണകാരണം ഡോക്ടര്‍മാര്‍ക്ക് ആദ്യം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് യാദവിന്റെ തൊണ്ടയ്ക്കടുത്തുള്ള ഒരു മുറിവില്‍ 20 സെന്റീമീറ്റര്‍ നീളമുള്ള ജീവനുള്ള കോഴിക്കുഞ്ഞ് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.
ശ്വാസനാളത്തിലും ഭക്ഷണപാതയിലും കോഴിക്കുഞ്ഞ് തടസ്സം സൃഷ്ടിച്ചത് മൂലം ശ്വാസം മുട്ടലുണ്ടായിട്ടുണ്ടാവാം എന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ സന്തു ബാഗ് വിശദീകരിച്ചു. തന്റെ കരിയറില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംഭവത്തെ നേരിടുന്നതെന്ന് 15,000-ലധികം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ സന്തു ബാഗ് പറഞ്ഞു.
യാദവിന്റെ മരണത്തില്‍ നിഗൂഢതകളുണ്ടെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളില്ലാത്തതിനാല്‍ മന്ത്രവാദം ചെയ്യുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പിതാവാകാനുള്ള ആഗ്രഹം കൊണ്ട് ആചാരത്തിന്റെ ഭാഗമായി കോഴിക്കുഞ്ഞിനെ വിഴുങ്ങിയതാകാമെന്നാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്.