58 മണിക്കൂറും 35 മിനിറ്റും ചുംബിച്ചുകൊണ്ട് ഗിന്നസ് റെക്കോര്‍ഡ് നേടിയ ദമ്പതികള്‍ വേര്‍പിരിഞ്ഞു; വിശ്വസിക്കാനാകാതെ ആരാധകര്‍

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിക്കുക എന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. എന്നാല്‍ ആ ഭാഗ്യം നേടണമെങ്കില്‍ ഒരുപാട് കഷ്ടപ്പാടുകളിലൂടെ സഞ്ചരിക്കേണ്ടതായും വരും. അപൂര്‍വം ചിലര്‍ മാത്രമേ ഇത്തരം കഷ്ടപ്പാടുകളെല്ലാം അതിജീവിച്ച് ലക്ഷ്യസ്ഥാനത്തെത്തുകയുള്ളൂ.
അത്തരത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ഒരു ദമ്പതികളെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഡെയ് ലി മെയില്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. തായ്ലന്‍ഡില്‍ നിന്നുള്ള എക്കച്ചായ് തിരനാരത്തും ഭാര്യ ലക്ഷണയുമാണ് ആ ദമ്പതികള്‍. ഏറ്റവും കൂടുതല്‍ നേരം ചുംബിച്ചതിനാണ് ഇവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംനേടിയത്. 2013 -ലാണ് 58 മണിക്കൂറും 35 മിനിറ്റും ചുംബിച്ചുകൊണ്ട് ഇവര്‍ റെക്കോര്‍ഡ് നേടിയത്.
എന്നാല്‍ ഇരുവരും ഇപ്പോള്‍ വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബിബിസി സൗണ്ട്സ് പോഡ്കാസ്റ്റ് വിറ്റ് നസ് ഹിസ്റ്ററിയില്‍ സംസാരിക്കവെ എക്കച്ചായിയാണ് ഇക്കാര്യം അറിയിച്ചത്. പിരിഞ്ഞെങ്കിലും അന്ന് അങ്ങനെയൊരു റെക്കോര്‍ഡ് നേടിയതില്‍ തങ്ങള്‍ ജീവിതകാലം മുഴുവനും അഭിമാനിക്കുന്നു എന്ന് എക്കച്ചായ് പറഞ്ഞു.
മത്സരത്തിന്റെ നിയമങ്ങള്‍ വളരെ കര്‍ശനമായതുകൊണ്ടുതന്നെ ഏറെ ബുദ്ധിമുട്ടിയാണ് മത്സരം പൂര്‍ത്തിയാക്കി വിജയ കിരീടം നേടിയതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. ബാത്ത് റൂമിന്റെ ഇടവേളകളില്‍ പോലും ചുണ്ടുകള്‍ തമ്മില്‍ ചേര്‍ന്നിരിക്കണം. വെള്ളം കുടിക്കുന്നത് പോലും ചുണ്ടുകള്‍ ചേര്‍ത്തിട്ട് തന്നെ ആയിരിക്കണം എന്നും എക്കച്ചായ് പറയുന്നു.
എക്കച്ചായുടെ വാക്കുകള്‍:
ആ റെക്കോര്‍ഡ് നേടിയതില്‍ തനിക്ക് വളരെ അധികം അഭിമാനമുണ്ട്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അനുഭവമാണ് ഇത്. ഞങ്ങള്‍ വളരെക്കാലം ഒരുമിച്ച് കഴിഞ്ഞു. ഒരുമിച്ച് ഞങ്ങളുണ്ടാക്കിയ നേട്ടത്തിന്റെ നല്ല ഓര്‍മ്മകള്‍ എക്കാലവും സൂക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- എന്നായിരുന്നു എക്കച്ചായ് പറഞ്ഞത്.
2013 -ല്‍ ആദ്യമായിട്ടല്ല ഇവര്‍ ചുംബനത്തില്‍ റെക്കോര്‍ഡ് സ്ഥാപിക്കുന്നത്. 2011 -ല്‍ 46 മണിക്കൂറും 24 മിനിറ്റും ചുംബിച്ച് റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. വാലന്റൈന്‍സ് ഡേയ്ക്ക് തൊട്ടുമുമ്പാണ് മത്സരം നടന്നത്. ഇരുവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ ആദ്യം താല്പര്യം ഉണ്ടായിരുന്നില്ല. ലക്ഷണയുടെ അസുഖം തന്നെയാണ് അതിന് കാരണം. അസുഖം മാറി വന്നതേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് ലക്ഷണയുമൊത്തുള്ള വെക്കേഷനായിരുന്നു എക്കച്ചായ് ആഗ്രഹിച്ചിരുന്നത്.
എന്നാല്‍ മത്സരത്തിലെ വിജയിക്ക് ലഭിക്കുന്ന സമ്മാനമാണ് തങ്ങളെ അതില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ദമ്പതികള്‍ പറയുന്നു. ഏകദേശം 13 ലക്ഷം രൂപയും ഒരു ഡയമണ്ട് മോതിരവും ആയിരുന്നു സമ്മാനം. ദൃഢനിശ്ചയത്തോടെയുള്ള മത്സരം ഇരുവര്‍ക്കും സമ്മാനം നേടിക്കൊടുക്കുകയും ചെയ്തു.
ഇരുവര്‍ക്കും ഒരുപാട് ആരാധകരുമുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ദമ്പതികള്‍ വേര്‍പിരിഞ്ഞെന്ന വാര്‍ത്തകേട്ട് പലര്‍ക്കും വിശ്വസിക്കാനായില്ല. വാര്‍ത്തയ്ക്ക് താഴെ നിരവധി പേരാണ് അഭിപ്രായം പങ്കുവച്ചത്.
'ഒരു ചുംബനത്തിന് പോലും അവരെ എന്നെന്നേക്കുമായി ഒരുമിച്ച് നിര്‍ത്താന്‍ കഴിഞ്ഞില്ല!' എന്നായിരുന്നു ഒരു ഉപയോക്താവിന്റെ കമന്റ്. '58 മണിക്കൂര്‍ അപ്പോള്‍ അവര്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ ഉറങ്ങിയില്ലേ?' എന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. 'പ്രണയം ഇനി നിലവിലില്ല' എന്നായിരുന്നു മറ്റൊരു കമന്റ്.