മദ്യപിച്ച് വരന്‍ വിവാഹ വേദിയില്‍; ഉറ്റ സുഹൃത്തിനെ വിവാഹം ചെയ്ത് വധു

ബറേലി:ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നടന്ന വിവാഹത്തില്‍ വരന്‍ വിവാഹ വേദിയിലേക്ക് മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് വധു തന്റെ ഉറ്റ സുഹൃത്തിനെ വിവാഹം ചെയ്തു. 21കാരിയായ വധു രാധാദേവി മദ്യപിച്ച വരനെ തല്ലിയതിന് പിന്നാലെ വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

വരന്‍ ആയി നിശ്ചയിച്ച രവീന്ദ്ര കുമാര്‍ (26) തന്റെ വിവാഹ ഘോഷയാത്ര വേദിയില്‍ വൈകിയെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വരന്റെ വീട്ടുകാര്‍ അധിക സ്ത്രീധനം ആവശ്യപ്പെട്ടതായി വധുവിന്റെ വീട്ടുകാരുടെ എഫ്‌ഐആറില്‍ പറയുന്നു. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ക്കായി രണ്ടര ലക്ഷം രൂപയും വിവാഹദിവസം രാവിലെ രണ്ട് ലക്ഷം രൂപയും നല്‍കിയതായി വധുവിന്റെ പിതാവ് പറഞ്ഞു. എന്നാല്‍ വരന്റെ വീട്ടുകാര്‍ക്ക് ഇതൊന്നും പര്യാപ്തമായിരുന്നില്ല. ഇതിന് പിന്നാലെ വിവാഹത്തിന് മദ്യപിച്ചെത്തിയ ഇയാള്‍ വധുവിന്റെ വീട്ടുകാരോടും ബന്ധുക്കളോടും മോശമായി പെരുമാറി.മാല കൈമാറുന്ന ചടങ്ങ് നടക്കുമ്പോള്‍ അദ്ദേഹം സുഹൃത്തുക്കളോടൊപ്പംമദ്യപിച്ചിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.തന്റെ വധുവിനെ മാല അണിയുന്നതിനുപകരം, ആകസ്മികമായി വധുവിന്റെ അടുത്ത് നില്‍പ്പുണ്ടായിരുന്ന അവളുടെ ഉറ്റസുഹൃത്തിന്റെ മേല്‍ എറിഞ്ഞു. ഇതില്‍ രോഷാകുലയായ രാധാദേവി ഉടന്‍ തന്നെ വരനെ തല്ലുകയായിരുന്നു.

തുടര്‍ന്ന് ഇരു വീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പരസ്പരം കസേര വലിച്ചെറിഞ്ഞു. ഒടുവില്‍ പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. വരനെയും വിവാഹ ഘോഷയാത്രയെയും തിരിച്ചയച്ചു.

വരനെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും വധുവിന്റെ കുടുംബത്തെ അപമാനിക്കുകയും 'സമാധാനത്തിന് ഭംഗം വരുത്തുകയും' ചെയ്തതിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

സ്ത്രീധനം ആവശ്യപ്പെട്ടതിന് വരനെതിരെ കേസെടുത്തു.വരന്റെ സുഹൃത്തുക്കള്‍ അനധികൃത മദ്യം വാങ്ങി നല്‍കുകയായിരുന്നു. മദ്യം വിറ്റതിന് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it