ആംബുലന്‍സ് റോഡ് ബംബിലിടിച്ചു; പിന്നാലെ 'മരിച്ച' വയോധികന് പുനര്‍ജന്‍മം

മഹാരാഷ്ട്ര : പാണ്ഡുരംഗ് ഉല്‍പ്പെയുടെ കുടുംബത്തിന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ 65 വയസ്സുകാരന്‍ പാണ്ഡുരംഗ് ഉല്‍പ്പെയെ സംസ്‌കരിക്കാനുള്ള വഴിമധ്യേ ആംബുലന്‍സിലായിരുന്നു കുടുംബങ്ങള്‍. റോഡിലെ സ്പീഡ് ബംബ് കയറിയിറങ്ങിയപ്പോഴാണ് പാണ്ഡുരംഗിന്റെ കൈകളനങ്ങിയത്. ഡിസംബര്‍ 16ന് മഹാരാഷ്ട്രയിലെ കോല്‍ഹാപൂരിലാണ് സംഭവം. കൃഷിയിടത്തില്‍ നിന്ന് മടങ്ങിവന്ന ഉല്‍പ്പെയ്ക്ക് ക്ഷീണം അനുഭവപ്പെടുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. ഉടനെ ഉല്‍പ്പെയെ കാസ്ബ ബവ്ഡയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഹൃദയ സ്തംഭനം ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മറ്റൊരു ആസ്പത്രിയിലേക്ക് കൊണ്ടുപോകണമെന്ന് അറിയിച്ചു, അവിടെ നിന്ന് രക്തം ഛര്‍ദ്ദിച്ചു. ഇ.സി.ജി എടുത്തു. ഉല്‍പ്പെ മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മരണവിവരം കുടുംബാംഗങ്ങളെ അറിയിച്ചു. സംസ്‌കാരചടങ്ങുകള്‍ നടത്താനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ഉല്‍പ്പെയുടെ ശരീരവുമായി ആംബുലന്‍സില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.കസ്ബ ബവ്ഡയില്‍ ചൗഗുലേ ഗല്ലിക്ക് സമീപമെത്തിയപ്പോള്‍ ആംബുലന്‍സ് റോഡിലെ സ്പീഡ് ബംബിലിടിച്ചു. അതേ നിമിഷം ഉല്‍പ്പെയുടെ കൈവിരലുകള്‍ അനങ്ങുന്നത് കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. കുടുംബത്തിലൊരാള്‍ പരിശോധിച്ചപ്പോള്‍ പള്‍സുണ്ടെന്ന് മനസ്സിലായി. ഉടന്‍ മറ്റൊരു ആശുപത്രിയിലെത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റി. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ഉല്‍പ്പെ രണ്ട് ദിവസത്തിനുള്ളില്‍ ജീവിതം തിരികെ പിടിച്ചു. മരിച്ചുവെന്ന് വിധിയെഴുതിയ ആശുപത്രിക്കെതിരെ നടപടിക്കൊരുങ്ങുകയാണ് അധികൃതര്‍

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it