ഹോം വർക്ക് ബുക്ക് ഓടയിലേക്ക്!! തുള്ളിച്ചാടി പെൺകുട്ടി : വൈറലായി ദൃശ്യം

കുട്ടിക്കാലത്ത് ഹോം വര്‍ക്ക് ചെയ്യുന്നത് പലര്‍ക്കും മടിയുള്ള കാര്യമായിരുന്നു. സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയാലും സ്വാതന്ത്ര്യമില്ല. കൂട്ടുകാര്‍ക്കൊപ്പം കളിക്കാനോ ടിവി കാണാനോ ഹോം വര്‍ക്ക് കാരണം സാധിക്കില്ല. വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് കളിച്ചാലും അടുത്തദിവസം സ്‌കൂളിലെത്തിയാല്‍ പ്രശ്‌നമാകും. അധ്യാപകന്റെ ചൂരല്‍ പ്രയോഗം നേരിടേണ്ടി വരും. ഇതാണ് പലര്‍ക്കും ഹോം വര്‍ക്ക് എന്ന് കേട്ടാലേ അലര്‍ജി ഉണ്ടാക്കുന്നത്.
കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ ഹോം വര്‍ക്കിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് കാരണമാകുന്നത്. ഈ വീഡിയോ കണ്ട് പലരും തങ്ങളുടെ കുട്ടിക്കാലത്തെ കുറിച്ച് ഓര്‍ത്തിട്ടുണ്ടാകാം. വീയിന്‍ കമ്പനി എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് പങ്കുവച്ച വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായിരുന്നു. നിങ്ങളുടെ ഹോം വര്‍ക്ക് വലിച്ചെറിയൂ പിന്നെ ഒരിക്കലും ഹോം വര്‍ക്കുകളില്ല എന്ന കുറിപ്പോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.
വീഡിയോയില്‍ വലിയൊരു കെട്ടിടത്തിന് സമീപത്ത് കൂടി നടന്ന് വരുന്ന ഒരു ചെറിയ പെണ്‍കുട്ടിയെ കാണാം. അവളുടെ കയ്യില്‍ ഒരു ഹോംവര്‍ക്ക് ബുക്കും കാണാം. റോഡരികിലെ ഒരു ഓടയ്ക്ക് സമീപം എത്തിയ കുട്ടി തന്റെ കൈയിലിരിക്കുന്ന ഹോം വര്‍ക്ക് ബുക്ക് ചുരുട്ടിക്കൂട്ടി അതിലേക്ക് ഇടാന്‍ ശ്രമിക്കുന്നു. ഇത്തരത്തില്‍ രണ്ട് തവണ ആവര്‍ത്തിച്ചെങ്കിലും അത് പരാജയപ്പെട്ടു.
ഇതോടെ പുസ്തകം മടക്കി ഓടയിലെ ഇരുമ്പ് കമ്പിക്കിടയിലൂടെ ഇട്ട് സന്തോഷത്തോടെ തുള്ളിച്ചാടി പോകുകയാണ് ആ പെണ്‍കുട്ടി. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധി പേര്‍ ഇതിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു. കുട്ടികള്‍ മാത്രമല്ല, തങ്ങളുടെ ലാപ്പ് ടോപ്പുകളും ഇതുപോലെ ചുരുട്ടിക്കൂട്ടിക്കളയാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പലരും കുറിച്ചത്.
നിങ്ങളുടെ പ്രശ്‌നങ്ങളെ വലിച്ചെറിയൂ പിന്നെ അവിടെ പ്രശ്‌നങ്ങളില്ല എന്നാണ് ഒരു ഉപയോക്താവ് എഴുതിയത്. അതെ സന്തോഷം സ്വാതന്ത്രമാണ്, സ്‌കൂളിന് കഴിഞ്ഞുള്ള എല്ലാ ഒഴിവ് സമയവും അവള്‍ തീര്‍ച്ചായും അര്‍ഹിക്കുന്നു എന്നാണ് മറ്റൊരു ഉപയോക്താവ് കുറിച്ചത്. അവള്‍ കുട്ടിക്കാലം അര്‍ഹിക്കുന്നുവെന്നായിരുന്നു മറ്റൊരു കുറിപ്പ്.