84 ദാമ്പത്യവര്‍ഷം!! 100ലധികം പേരക്കുട്ടികള്‍; ഇത് ലോക റെക്കോര്‍ഡ്

പ്രണയം എന്നത് വാക്കുകള്‍ക്കുമപ്പുറം അനിര്‍വചനീയമാണ്. പ്രണയത്തിലൂടെ ജീവിതത്തില്‍ ഒന്നിച്ച് കാലങ്ങളോളം പരസ്പരം സ്‌നേഹം കൈമാറിയും പരസ്പരം മനസ്സിലാക്കിയും ജീവിക്കുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. ഇത്തരത്തില്‍ അതിരുകളില്ലാ പ്രണയത്തിലൂടെ 84ാം വര്‍ഷവും കടന്നുപോകുന്ന ദമ്പതികളാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത്. വിവാഹത്തിന്റെ 84ാം വര്‍ഷത്തിനൊപ്പം നൂറിലധികം പേരക്കുട്ടികളുമുള്ള ദമ്പതികള്‍ ഇപ്പോള്‍ ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.
1936-ല്‍, പരമ്പരാഗത ബ്രസീലിയന്‍ മിഠായിയായ റപ്പാദുരാസ് കയറ്റുമതിയുമായി ബന്ധപ്പെട്ട ജോലി ചെയ്യാന്‍ മനോയല്‍ ബോവ വിയാഗെമിലെ അല്‍മേഡയിലെത്തിയതോടെയാണ് ഇരുവരുടെയും കഥകള്‍ക്ക് തുടക്കമാകുന്നത്. അവിടെവെച്ച് ആദ്യമായി മരിയയെ കണ്ടുമുട്ടി. പക്ഷെ പ്രണയം പെട്ടൊന്നൊന്നും യാഥാര്‍ത്ഥ്യമായില്ല. പിന്നീട് 1940ല്‍ ബ്രസീലിലെ സിയാറയില്‍ യാദൃശ്ചികമായ കണ്ടുമുട്ടലിലൂടെയാണ് ഇരുവരുടെയും ബന്ധം വീണ്ടും തളിരിടുന്നത്. മരിയയോടുള്ള പ്രണയം മനോയല്‍ തുറന്നുപറഞ്ഞു. അവളോടുള്ള തന്റെ പ്രണയം പ്രഖ്യാപിച്ചു. മരിയയ്ക്ക് പൂര്‍ണസമ്മതം.
മരിയയുടെ അമ്മയ്ക്ക് ആദ്യം താത്പര്യമുണ്ടായിരുന്നില്ല. പിന്നീട് കുടുംബത്തിന്റെ അംഗീകാരം നേടാനുള്ള ശ്രമവുമായി മനോയല്‍ മുന്നോട്ടുനീങ്ങി. ആദ്യം സ്വന്തമായി വീട് പണിതു. പിന്നീട് കുടുംബം സമ്മതം മൂളിയതോടെ ഇരുവരും വിവാഹിതരായി. കൃഷിയില്‍ ഇരുവരും സജീവമായി. 13 കുട്ടികളെ വളര്‍ത്തി. അവരുടെ വംശപരമ്പര 121 പേരക്കുട്ടികളുള്ള മൂന്ന് തലമുറകളിലേക്ക് വ്യാപിച്ചു.വിവാഹ ജീവിതത്തില്‍ 84 വര്‍ഷം തികയ്ക്കുന്നതിന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥിരീകരിച്ചുകഴിഞ്ഞു.