ആദ്യ ജോലിയുടെ ആദ്യ ദിനത്തില്‍ 20കാരി മരണത്തിലേക്ക്; അവസാന സംഭാഷണം പിതാവുമായി..

മുംബൈ: ഇരുപത് വയസ്സുകാരി അഫ്രീന്‍ ഷായുടെ ആദ്യ ജോലിയുടെ ആദ്യ ദിനമായിരുന്നു തിങ്കളാഴ്ച. പുതിയ ജോലിയില്‍ പ്രവേശിച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം അവളെ കവര്‍ന്നെടുത്തത്. കുര്‍ളയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ബസ് അപകടത്തില്‍ മരിച്ച ഏഴ് പേരില്‍ അഫ്രീന്‍ ഷായും ഉണ്ടായിരുന്നു. സ്വകാര്യ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഫ്രീന്‍. ഫോണില്‍ അവസാന സംഭാഷണം പിതാവ് അബ്ദുല്‍ സലീം ഷായുമായിട്ടായിരുന്നു. വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ മടങ്ങാനിരിക്കെയാണ് പിതാവിനെ വിളിച്ചത്. ''9 മണിയാവുമ്പോഴാണ് അവള്‍ വിളിച്ചത്. കുര്‍ള റെയില്‍വേ സ്‌റ്റേഷനിലിറങ്ങിയപ്പോള്‍ ഓട്ടോ കാണുന്നില്ലെന്ന് പറഞ്ഞായിരുന്നു വിളിച്ചത്. റോഡില്‍ നിന്ന് മുന്നോട്ട് നടന്നാ ഓട്ടോ കിട്ടും എന്നും പറഞ്ഞു. ഇതായിരുന്നു അവസാനമായി സംസാരിച്ചതെന്ന് പിതാവ് ഷാ പറഞ്ഞു. പിന്നെ വിളിക്കുന്നത് 9.54നായിരുന്നു. ആ ഫോണ്‍ വിളി പക്ഷെ ബാബാ ആസ്പത്രിയില്‍ നിന്നായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് പോയി. പക്ഷെ മകളുടെ ജീവനറ്റ ശരീരമാണ് കാണേണ്ടി വന്നത്. ജോലിയിലെ ആദ്യ ദിനമായിരുന്നു അവളുടേത്.മകളെ ഇനി ഒരിക്കലും തിരിച്ചുകിട്ടില്ല. ഇത്തരം അപകടങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണം'' ഷാ പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് കുര്‍ളയില്‍ നിരവധി വാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും ഇടിച്ച് ഇലക്ട്രിക് ബസ് അപകടത്തില്‍പെട്ടത്. ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് ബസ് ഡ്രൈവര്‍ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. അപകടത്തില്‍ 42 പേര്‍ക്ക് പരിക്കേറ്റു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it