ജോലി വാഗ്ദാനത്തില്‍ കുടുങ്ങി;22 വര്‍ഷം പാകിസ്താനില്‍; ഹമീദാബാനു ഒടുവില്‍ ഇന്ത്യയില്‍
ലാഹോര്‍; ദുബായില്‍ പാചക ജോലി തരപ്പെടുത്താം എന്ന ഉറപ്പിലാണ് മുംബൈ സ്വദേശി ഹമീദബാനു 2002ല്‍ രേഖകള്‍ ട്രാവല്‍ ഏജന്റിന് കൈമാറുന്നത്. എന്നാല്‍ ഹമീദബാനു ചതിക്കപ്പെടുകയായിരുന്നു. ദുബായ് എന്നു പറഞ്ഞ് ഹമീദാബാനുവിനെ ഏജന്റ് എത്തിച്ചത് പാകിസ്താനിലായിരുന്നു. അങ്ങനെ പാകിസ്താനില്‍ 22 വര്‍ഷം കുടുങ്ങി. പാകിസ്താനിലെ 22 വര്‍ഷം ജീവച്ഛവം പോലെയായായിരുന്നു എന്നാണ് ഹമീദാബാനു വിശേഷിപ്പിക്കുന്നത്.
2022ലാണ് പാകിസ്താനിലെ പ്രാദേശിക യൂട്യൂബര്‍ ആയ വാലിയുല്ലാഹ് മറൂഫ് ഹമീദാബാനുവിന്റെ അനുഭവങ്ങള്‍ വിവരിച്ചുള്ള വീഡിയോ ചാനലില്‍ അവതരിപ്പിച്ചത്. ഇത് വഴിത്തിരിവായി. ബാനുവിന്റെ പേരമകന്‍ ഇത് കാണാനായി. അങ്ങനെ കുടുംബത്തിന്റെ അന്വേഷണം ബാനുവിലെത്തി. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലൂടെ കഴിഞ്ഞ ദിവസം കറാച്ചിയില്‍ നിന്ന് വിമാനം കയറി ഹമീദ ബാനു വാഗ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് തിരികെ വരാനായതിന്റെ സന്തോഷത്തിലായിരുന്നു ബാനു. ഇന്ത്യയിലേക്ക് തിരിച്ചുവരാനാകുമെന്ന് കരുതിയിരുന്നില്ല. പക്ഷെ ഭാഗ്യവശാല്‍ അത് സംഭവിച്ചുവെന്ന് അവര്‍ പറഞ്ഞു.