അമ്മയുടെ മരണത്തില്‍ ഞെട്ടല്‍; മൃതദേഹവുമായി മക്കള്‍ കഴിഞ്ഞത് ഒരാഴ്ച

അമ്മയുടെ മരണമുണ്ടാക്കിയ ആഘാതത്തില്‍ വിഷാദത്തിലായ മക്കള്‍ മൃതദേഹവുമായി വീട്ടില്‍ കഴിഞ്ഞത് ഒരാഴ്ച. ഹൈദരാബാദിലാണ് സംഭവം.സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ. ജനുവരി 23നാണ് 45 വയസ്സുള്ള സ്ത്രീ മരിക്കുന്നത്. രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാതെ വന്നപ്പോള്‍ മക്കള്‍ മരിച്ചുവെന്ന് കരുതി. പള്‍സും ശ്വാസവും ഹൃദയമിടിപ്പും നിലച്ചുവെന്ന് തിരിച്ചറിഞ്ഞ മക്കള്‍ ഇതിന്റെ ആഘാതത്തില്‍ വിഷാദത്തിലേക്ക് വീഴുകയായിരുന്നു. വീടിന്റെ കതകടച്ച് ഉള്ളിലായിരുന്നു 25ഉം 22ഉം വയസ്സുള്ള പെണ്‍മക്കള്‍.അയല്‍വാസികള്‍ക്കും സൂചനകളൊന്നും ലഭിച്ചില്ല.
ജനുവരി 31ന് മക്കളായ രണ്ട് പേരും സ്ഥലത്തെ എം.എല്‍.എയുടെ വീട്ടിലെത്തി മരണാനന്തര ചടങ്ങ് നടത്താന്‍ പണം ആവശ്യപ്പെടുകയായിരുന്നു. എം.എല്‍.എ ഇരുവരോടും പൊലീസിനെ സമീപിക്കാന്‍ പറഞ്ഞു. പൊലീസ് എത്തി മൃതദേഹം വീട്ടില്‍ നിന്ന് മാറ്റുകയായിരുന്നു. രണ്ട് പെണ്‍മക്കളും ബിരുദ പഠനം പൂര്‍ത്തിയാക്കി സെയില്‍സ് മേഖലയില്‍ തൊഴിലെടുക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്നേ അച്ഛന്‍ ഉപേക്ഷിച്ചു. ഇരുവര്‍ക്കും കൗണ്‍സിലിംഗ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.