'ഏത് സ്‌പ്രേയാണ് ഉപയോഗിക്കുന്നത്?' യാത്രികക്ക് യൂബര്‍ ഡ്രൈവറുടെ സന്ദേശം; നടപടിയെടുത്ത് കമ്പനി

കൊച്ചി: യൂബര്‍ ടാക്‌സിയില്‍ യാത്ര ചെയ്ത യുവതിയുടെ മൊബൈല്‍ നമ്പറിലേക്ക് ഡ്രൈവര്‍ സന്ദേശം അയച്ചതിന് പിന്നാലെ ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്ത് യൂബര്‍ കമ്പനി. കൊച്ചിയിലാണ് സംഭവം. സ്മൃതി കണ്ണന്‍ എന്ന യാത്രക്കാരി സോഷ്യല്‍ മീഡിയയില്‍ സംഭവം ഉന്നയിച്ചതിന് പിന്നാലെയാണ് വിഷയം ചര്‍ച്ചയായത്. യാത്രയ്ക്ക് ശേഷം യാത്രക്കാരുമായി മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുന്നത് വിലക്കുന്ന കമ്പനിയുടെ നയം ലംഘിച്ചതിന് യൂബര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഡ്രൈവറെ ബ്ലോക്ക് ചെയ്തതായി കമ്പനി വക്താവ് അറിയിച്ചു.

ഫെബ്രുവരി 11നാണ് യാത്രക്കാരിയായ സ്മൃതി കണ്ണന്‍ ഡ്രൈവര്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ടത്. യൂബര്‍ കമ്പനിയെ പോസ്റ്റില്‍ ടാഗ് ചെയ്തുകൊണ്ട് ഡ്രൈവര്‍ക്ക് എങ്ങനെ തന്റെ മൊബൈല്‍ നമ്പര്‍ ലഭിച്ചുവെന്ന് ചോദിച്ചു.

യൂബര്‍ ആപ്പ് വഴി ആശയവിനിമയം നടക്കുന്ന ഘട്ടത്തില്‍ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ കമ്പനി ഫോണ്‍ നമ്പര്‍ മാസ്‌കിംഗ് ഉപയോഗിക്കുന്നുണ്ട്. യഥാര്‍ത്ഥ ഫോണ്‍ നമ്പര്‍ ഇതിലൂടെ മറക്കപ്പെടും. ഇത്തരം സംവിധാനങ്ങളുണ്ടായിട്ടും എങ്ങനെ നമ്പര്‍ കിട്ടിയെന്നും സ്ത്രീകള്‍ എത്രമാത്രം സുരക്ഷിതരാണെന്നും യുവതി ചോദിച്ചു.

യാത്രക്കാരുടെ ഫോണ്‍ നമ്പറുകളിലേക്ക് ഡ്രൈവര്‍മാര്‍ക്ക് ബന്ധപ്പെടാന്‍ സാധിക്കില്ലെന്ന ഉറപ്പുള്ള ഘട്ടത്തില്‍ ഇത്തരം ഒരു സംഭവം ഉണ്ടായതില്‍ യൂബര്‍ ആശങ്ക രേഖപ്പെടുത്തി. യാത്രക്ക് ശേഷം യുവതി പണം നല്‍കാന്‍ യു.പി.ഐ ഉപയോഗിച്ചതിലൂടെയാണ് ഡ്രൈവര്‍ നമ്പര്‍ ശേഖരിച്ചതെന്നും യൂബര്‍ വ്യക്തമാക്കി.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it