ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ മറ്റൊരു വിമാനം; ഒഴിവായത് വന്‍ ദുരന്തം; വീഡിയോ വൈറല്‍

X @FlightEmergency
ഷിക്കാഗോ (യു.എസ്): ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ മറ്റൊരു വിമാനം, പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വന്‍ ദുരന്തം. യു.എസ്സിലെ ഷിക്കാഗോ മിഡ്വേ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 08:50-ഓടെ നടന്ന സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ വിമാനമാണ് റണ്‍വേയില്‍ മറ്റൊരു വിമാനം കണ്ടതോടെ വീണ്ടും പറന്നുയര്‍ന്ന് അപകടം ഒഴിവാക്കിയത്.
സ്വകാര്യ ജെറ്റാണ് പറന്നുയരാനായി സൗത്ത് വെസ്റ്റ് വിമാനത്തിന് മുന്നിലെത്തിയത്. അനുമതിയില്ലാതെയാണ് സ്വകാര്യ ജെറ്റ് റണ്‍വേയിലേക്ക് പ്രവേശിച്ചതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ് മിനിസ്ട്രേഷന്‍ (എഫ്.എ.എ) അറിയിച്ചു. സംഭവത്തില്‍ എഫ്.എ.എയും നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചു.
കൂട്ടയിടിയില്‍ നിന്ന് സൗത്ത് വെസ്റ്റ് വിമാനം തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. സൗത്ത് വെസ്റ്റ് ഫ്ളൈറ്റ് 2504 എന്ന വിമാനമാണ് ലൈന്‍ഡിങ്ങിനായി മിഡ് വേ വിമാനത്താവളത്തിന്റെ റണ്‍വേയിലേക്ക് താഴ്ന്നിറങ്ങിയത്.
പൊടുന്നനെ വെളുത്ത നിറത്തിലുള്ള ചെറുവിമാനം സൗത്ത് വെസ്റ്റ് വിമാനത്തിന് മുന്നിലേക്ക് നീങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. റണ്‍വേയില്‍ നിലംതൊടുന്നതിന് തൊട്ടുമുമ്പായി സൗത്ത് വെസ്റ്റ് വിമാനം ഉടനടി വീണ്ടും പറന്നുയരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സൗത്ത് വെസ്റ്റ് വിമാനത്തിന്റെ ചക്രങ്ങള്‍ റണ്‍വേയില്‍ തൊടുന്നതിന് 50 അടി മാത്രമുള്ളപ്പോഴാണ് ചെറുവിമാനം പൈലറ്റിന്റെ ശ്രദ്ധയില്‍പെടുന്നതും വീണ്ടും പറന്നുയര്‍ന്നതും. പിന്നീട്, വിമാനം ചിക്കാഗോ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
സാധ്യമായ ഒരു അപകടം തടയാന്‍ വിമാന ജീവനക്കാര്‍ക്ക് ഒരു ആകാശയാത്ര നടത്തേണ്ടിവന്നു എന്ന് സൗത്ത് വെസ്റ്റ് പ്രസ്താവനയില്‍ അറിയിച്ചു. നെബ്രാസ്‌കയിലെ ഒമാഹയില്‍ നിന്ന് വരികയായിരുന്ന സൗത്ത് വെസ്റ്റ് വിമാനമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
ടെന്നസിയിലെ നോക്സ്വില്ലെയിലേക്ക് പോകാനായി പുറപ്പെട്ടതാണ് സ്വകാര്യ വിമാനം. ബോംബാര്‍ഡിയാര്‍ ചാലഞ്ചര്‍ 350 മോഡല്‍ വിമാനമായിരുന്നു ഇത്.
സ്വകാര്യ ജെറ്റിന്റെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളറില്‍ നിന്നുള്ള തെറ്റായ വിവരങ്ങള്‍ വായിച്ചതാണ് ഒരേ റണ്‍വേയില്‍ ഇറങ്ങാന്‍ ഇടയാക്കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. കഴിഞ്ഞ മാസം ആര്‍മി ഹെലികോപ്റ്ററും പാസഞ്ചര്‍ ജെറ്റും തമ്മില്‍ ആകാശത്ത് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് സമാനമായ രീതിയിലുള്ള വാര്‍ത്ത പുറത്തുവരുന്നത്.