വഴി നീളെ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞു; ടൂറിസ്റ്റ് ബസ്സിനെ പിന്തുടര്‍ന്ന് യുവാവ്; പിന്നെ നടന്നത്
വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ്സില്‍ നിന്ന് റോഡിലും റോഡിന്റെ വശങ്ങളിലും പ്ലാസ്റ്റിക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കാനെത്തിയ ടൂറിസ്റ്റ് ബസില്‍ നിന്ന് പ്ലാസ്റ്റിക് അടങ്ങിയ ഭക്ഷണപ്പൊതികളും മറ്റും വലിച്ചെറിയുന്നത് ശ്രദ്ധയില്‍പെട്ട യുവാവ് ബസ്സിനെ പിന്തുടരുകയായിരുന്നു. ഇയാള്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്. ദൃശ്യത്തില്‍ പ്ലാസ്റ്റിക് റോഡിലേക്കിടുന്നത് കാണാം. ബസ്സിനെ പിന്തുടര്‍ന്ന ശേഷം യുവാവ് ടൂറിസ്റ്റുകള്‍ സഞ്ചരിച്ച മിനി ബസ്സിനെ മറികടന്ന് മുന്നിലെത്തി തടഞ്ഞുവെച്ചു. ഡ്രൈവറോട് ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വാഹനത്തിന് അകത്തേക്ക് കയറി. പ്ലാസ്റ്റിക് വലിച്ചെറിയുന്നത് ഇവിടെ നിരോധിച്ചിരിക്കുകയാണ്. ഇവിടെ മാലിന്യം തള്ളരുതെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് യുവാവ് അറിയിച്ചു. യുവാവിന്റെ നിര്‍ദേശത്തെ തള്ളിക്കളയുന്ന രീതിയിലായിരുന്നു ആദ്യഘട്ടത്തില്‍ യാത്രികരുടെ പ്രതികരണം. കൂട്ടത്തിലുണ്ടായിരുന്ന കുട്ടി ഛര്‍ദ്ദിച്ചുവെന്നും ഇതാണ് കളഞ്ഞതെന്നും എന്ന നിരുത്തരവാദപരമായ മറുപടിയായിരുന്നു നല്‍കിയത്.
നിങ്ങളുടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ വാഹനത്തിനുള്ളില്‍ തന്നെ സൗകര്യം ഒരുക്കണമെന്നും യുവാവ് അറിയിച്ചു. ബസ്സില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും എന്നാല്‍ സഞ്ചാരികള്‍ ഇത് ഉപയോഗിക്കുന്നില്ലെന്നും അറിയിച്ചു
ഹിമാചല്‍ പ്രദേശില്‍ ഉള്ളവരായാലും മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായാലും ആര്‍ക്കും മാലിന്യം വലിച്ചെറിയാന്‍ അവകാശമില്ല. ഭംഗിയുള്ള താഴ് വരകളും കുന്നുകളും ആണ് ഹിമാചല്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. പകരം നിങ്ങള്‍ പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ദയവുചെയ്ത് ഇത്തരം പ്രവൃത്തികളില്‍ നിന്ന് പിന്‍മാറണമെന്നും യുവാവ് പറയുന്നത് വീഡിയോയില്‍ കാണാം,
ദൃശ്യം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. യുവാവിന്റെ ഇടപെടലിനെ പ്രശംസിച്ച് രംഗത്തുവരികയാണ് മിക്കവരും