മുന്നറിയിപ്പ് അവഗണിച്ചു; നദിയിലേക്ക് ചാടി; യുവ ഡോക്ടറെ കാണാതായി

കർണാടക: കൊപ്പല്‍ ജില്ലയിലെ സനാപൂരില്‍ നീന്താനായി 20 മീറ്റര്‍ മുകളില്‍ നിന്ന് തുംഗഭദ്ര നദിയില്‍ ചാടിയ ഹൈദരാബാദില്‍ നിന്നുള്ള യുവ ഡോക്ടറെ കാണാതായി. വിദഗ്ദ്ധ സംഘം നദിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേനയെയും (എസ്ഡിആര്‍എഫ്) ദേശീയ ദുരന്ത നിവാരണ സേനയെയും (എന്‍ഡിആര്‍എഫ്) സഹായത്തിനായി വിളിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് അണ്ടര്‍വാട്ടര്‍ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രാദേശിക സ്റ്റീല്‍ പ്ലാന്റുകളും ഫാക്ടറികളും രംഗത്തുവന്നു.
ചൊവ്വാഴ്ചയാണ് 26 കാരിയായ അനന്യ റാവു രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം സനപൂര്‍ ഗ്രാമത്തിലെ ഹോംസ്റ്റേയില്‍ എത്തിയത്. തുടര്‍ന്ന് നീന്താന്‍ തുംഗഭദ്രയില്‍ എത്തുകയായിരുന്നു. ലൈഫ് ജാക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും ഇല്ലാതെ നദിയിലേക്ക് ചാടുന്ന ദൃശ്യം വൈറലായിരിക്കുകയാണ്.
അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടതിന് ശേഷം നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ജീവനക്കാര്‍ അനന്യയെ ചാടുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തിയിരുന്നതായി പ്രാദേശിക ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുംഗഭദ്ര അണക്കെട്ടില്‍ നിന്ന് അധികജലം ആന്ധ്രയിലേക്ക് ഒഴുക്കിവിടുന്നതും ജലനിരപ്പ് ഉയരാന്‍ കാരണമായി.
ഇതിന് മുമ്പും താന്‍ സമാനമായി ചാടിയിട്ടുണ്ടെന്ന് പറഞ്ഞ് നദിയിലേക്ക് അനന്യ എടുത്തുചാടുകയായിരുന്നുവെന്ന് സുരക്ഷാ ജീവനക്കാര്‍ പറഞ്ഞു.ജലപ്രവാഹം ശക്തമായിരുന്നു. ലൈഫ് ജാക്കറ്റ് ധരിക്കാന്‍ ജീവനക്കാര്‍ അഭ്യര്‍ത്ഥിച്ചു. ഇതിനിടെ അവള്‍ ചാടി വീഴുകയായിരുന്നു. ഇതുവരെ, അവളെക്കുറിച്ച് ഒരു തുമ്പും ലഭിച്ചിട്ടില്ല, സനാപൂരില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍ പറഞ്ഞു.