സ്രാവിനൊപ്പം ഫോട്ടോ പോസിന് ശ്രമം; ഇരുകൈകളും നഷ്ടപ്പെട്ട് കനേഡിയന്‍ വനിത

വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രീയപ്പെട്ട ബീച്ചായ ടര്‍ക്‌സ് ആന്‍ഡ് കെയ്‌ക്കോസില്‍ നിന്ന് ഏറെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സമുദ്രത്തില്‍ നിന്ന് സ്രാവിനൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ സ്രാവിന്റെ ആക്രമണത്തില്‍ കനേഡിയന്‍ വനിതയ്ക്ക് ഇരുകൈകളും നഷ്ടപ്പെട്ടു. തോംപ്‌സണ്‍ കോവ് ബീച്ചിലെ കരയില്‍ നിന്ന് കുറച്ചകലെ മാത്രം വെച്ച് വെള്ളിയാഴ്ചയാണ് ദാരുണ സംഭവം നടന്നത്. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രകാരം 55 വയസ്സുള്ള യുവതിയാണ് ആക്രമണത്തിന് ഇരയായത്. സമുദ്രത്തിലിറങ്ങിയപ്പോള്‍ തൊട്ടടുത്തെത്തിയ സ്രാവിനൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒറ്റ ആക്രമണത്തില്‍ തന്നെ ഇരുകൈകളും നഷ്ടപ്പെടുകയായിരുന്നു. കരയിലിരുന്ന കുടുംബാംഗങ്ങള്‍ ഉടന്‍ സമീപത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ബീച്ചിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരും ഉടന്‍ സംഭവസ്ഥലത്തെത്തി. രക്തം വാര്‍ന്ന നിലയിലാണ് സ്ത്രീയെ കരയിലെത്തിച്ചത്.
ആറടി നീളമുള്ള സ്രാവാണ് ആക്രമിച്ചതെന്ന് അധികാരികള്‍ അറിയിച്ചു. ബുള്‍ ഷാര്‍ക്ക് വിഭാഗത്തിലുള്ള സ്രാവുകളാണ് ഈ മേഖലയിലുള്ളതെന്ന് പ്രാദേശിക വക്താക്കള്‍ വ്യക്തമാക്കി.അടിയന്തിര മെഡിക്കല്‍ സംഘവും പൊലീസും സ്ഥലത്തെത്തി. ചെഷിരെ ഹാള്‍ മെഡിക്കല്‍ സെന്ററിലെത്തിച്ച ശേഷം ചികിത്സ നല്‍കി. ഒരു കയ്യിലെ കൈക്കുഴയ്ക്ക് ശേഷമുള്ള ഭാഗവും രണ്ടാമത്തെ കയ്യുടെ പകുതി ഭാഗവും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടില്‍ അറിയിച്ചു.