വ്യാപാരമാന്ദ്യം: കാസര്‍കോട്ടെ വ്യാപാരികള്‍ ചെകുത്താനും കടലിനും ഇടയില്‍
വടക്കേ മലബാറിലെ മികച്ച കമ്പോളങ്ങളിലൊന്നാണ് കാസര്‍കോട്. സപ്തഭാഷ സംഗമഭൂമിയായ ഇവിടെ പല ഭാഷക്കാരും ദേശക്കാരും ജാതിമതഭേദമന്യേ സൗഹാര്‍ദ്ദപുരസ്സരം അവരവരുടെ തൊഴിലെടുത്ത് ജീവിക്കുന്നു. കര്‍ണാടകയോട് തൊട്ടുരുമ്മി നില്‍ക്കുന്ന ഇവിടെയാണ് കേരളത്തിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് അടക്കാകൃഷിയും ഇതിന്റെ വിപണനകേന്ദ്രവും. അടക്കക്ക് തുലോം വില ഇടിഞ്ഞതോടെ കാസര്‍കോടിന്റെ കിഴക്കന്‍ പ്രദേശങ്ങളിലെ അടക്കകൃഷിക്കാര്‍ നഷ്ടക്കണക്കില്‍ പെട്ടിരിക്കുകയാണ്.വ്യാപാര കമ്മിമൂലം കാസര്‍കോട് നഗരത്തില്‍ അടച്ചുപൂട്ടുന്ന വ്യാപാരസ്ഥാപനങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. കോവിഡ് കാലത്തെ പ്രതിസന്ധി മുഴച്ച് നില്‍ക്കുമ്പോള്‍ നോട്ട് നിരോധനവും ജി.എസ്.ടി.യും ഗതാഗതക്കുരുക്കും ഗള്‍ഫില്‍ […]
വടക്കേ മലബാറിലെ മികച്ച കമ്പോളങ്ങളിലൊന്നാണ് കാസര്‍കോട്. സപ്തഭാഷ സംഗമഭൂമിയായ ഇവിടെ പല ഭാഷക്കാരും ദേശക്കാരും ജാതിമതഭേദമന്യേ സൗഹാര്‍ദ്ദപുരസ്സരം അവരവരുടെ തൊഴിലെടുത്ത് ജീവിക്കുന്നു. കര്‍ണാടകയോട് തൊട്ടുരുമ്മി നില്‍ക്കുന്ന ഇവിടെയാണ് കേരളത്തിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് അടക്കാകൃഷിയും ഇതിന്റെ വിപണനകേന്ദ്രവും. അടക്കക്ക് തുലോം വില ഇടിഞ്ഞതോടെ കാസര്‍കോടിന്റെ കിഴക്കന്‍ പ്രദേശങ്ങളിലെ അടക്കകൃഷിക്കാര്‍ നഷ്ടക്കണക്കില്‍ പെട്ടിരിക്കുകയാണ്.വ്യാപാര കമ്മിമൂലം കാസര്‍കോട് നഗരത്തില്‍ അടച്ചുപൂട്ടുന്ന വ്യാപാരസ്ഥാപനങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. കോവിഡ് കാലത്തെ പ്രതിസന്ധി മുഴച്ച് നില്‍ക്കുമ്പോള്‍ നോട്ട് നിരോധനവും ജി.എസ്.ടി.യും ഗതാഗതക്കുരുക്കും ഗള്‍ഫില്‍ […]
വടക്കേ മലബാറിലെ മികച്ച കമ്പോളങ്ങളിലൊന്നാണ് കാസര്‍കോട്. സപ്തഭാഷ സംഗമഭൂമിയായ ഇവിടെ പല ഭാഷക്കാരും ദേശക്കാരും ജാതിമതഭേദമന്യേ സൗഹാര്‍ദ്ദപുരസ്സരം അവരവരുടെ തൊഴിലെടുത്ത് ജീവിക്കുന്നു. കര്‍ണാടകയോട് തൊട്ടുരുമ്മി നില്‍ക്കുന്ന ഇവിടെയാണ് കേരളത്തിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് അടക്കാകൃഷിയും ഇതിന്റെ വിപണനകേന്ദ്രവും. അടക്കക്ക് തുലോം വില ഇടിഞ്ഞതോടെ കാസര്‍കോടിന്റെ കിഴക്കന്‍ പ്രദേശങ്ങളിലെ അടക്കകൃഷിക്കാര്‍ നഷ്ടക്കണക്കില്‍ പെട്ടിരിക്കുകയാണ്.
വ്യാപാര കമ്മിമൂലം കാസര്‍കോട് നഗരത്തില്‍ അടച്ചുപൂട്ടുന്ന വ്യാപാരസ്ഥാപനങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. കോവിഡ് കാലത്തെ പ്രതിസന്ധി മുഴച്ച് നില്‍ക്കുമ്പോള്‍ നോട്ട് നിരോധനവും ജി.എസ്.ടി.യും ഗതാഗതക്കുരുക്കും ഗള്‍ഫില്‍ പൊടുന്നനെ ഉണ്ടായ സാമ്പത്തിക മാന്ദ്യവും എല്ലാം ചേരുമ്പോള്‍ വ്യാപാരമില്ലാതെ കാസര്‍കോട്ടെ വ്യാപാര മേഖലയെ പിടിച്ചുകുലുക്കുകയാണ്. പോന്ന ഒരു വര്‍ഷത്തിനിടെ കാസര്‍കോട് പഴയ ബസ്സ്റ്റാന്റില്‍ ആരംഭിച്ച മികച്ച മൊബൈല്‍ ഷോറൂമും ബുക്ക്സ്റ്റാളും റെഡിമെയ്ഡ് ഷോപ്പും കച്ചവടക്കമ്മി മൂലം അടച്ചുപൂട്ടി. ഇത് വരെ ഡസന്‍ കണക്കിന് കച്ചവട സ്ഥാപനങ്ങളാണ് നഷ്ടം സഹിക്കാനാവാതെ അടച്ചുപൂട്ടിയത്. ഇതോടെ നൂറുകണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്ക് കുറഞ്ഞതും ഈ നഗരത്തിലെ മിക്ക റോഡുകളിലെയും ഗതാഗതക്കുരുക്കുമാണ് വ്യാപാരം തുലോം കുറയാനുള്ള മുഖ്യകാരണം. ഇന്ന് ചെറുതും വലുതുമായ ഒട്ടേറെ സ്ഥാപനങ്ങള്‍ കച്ചവടമില്ലാത്തത് കൊണ്ടുള്ള നഷ്ടത്തെത്തുടര്‍ന്ന് ജീവന്‍മരണ പോരാട്ടത്തിലാണ്. കാസര്‍കോട്ടെ വ്യാപാര മേഖല നേരിടുന്ന ഗുരുതരപ്രശ്‌നം സര്‍ക്കാരും വ്യാപാരി വ്യവസായി സംഘടനകളും ചേര്‍ന്ന് പരിഹരിക്കേണ്ടതുണ്ട്. കാസര്‍കോട് നഗരത്തിന് അനുബന്ധമായി കുറഞ്ഞ കിഴക്കന്‍ പ്രദേശങ്ങളേ ഉള്ളു. ഉള്ളവയില്‍ തന്നെ തൊട്ട് തൊട്ട് കമ്പോളങ്ങളും നായന്മാര്‍മൂല, ചെര്‍ക്കള, നെല്ലിക്കട്ട, ബദിയടുക്ക, പെര്‍ള, ബോവിക്കാനം, മുള്ളേരിയ, അഡൂര്‍ മുതലായവയെല്ലാം മികച്ച കമ്പോളങ്ങളാണ്. ഹൊസങ്കടി, ഉപ്പള, കുമ്പള, മേല്‍പ്പറമ്പ്, ഉദുമ, പാലക്കുന്ന് മുതലായ ചെറുപട്ടണങ്ങളുടെ വളര്‍ച്ചയും കാസര്‍കോടിന്റെ വ്യാപാരത്തെ തുലോം തളര്‍ത്തി.
1984ല്‍ ഇവിടെ ജില്ല രൂപീകൃതമായി. തത്സമയം ഇവിടത്തെ വ്യാപാരികള്‍ സ്വപ്‌നത്തിലായിരുന്നു. നിലവിലുള്ള വ്യാപാരം വര്‍ധിക്കുമെന്നും ജില്ലാതലത്തിലുള്ള ഏജന്‍സികളും ലഭിക്കുമ്പോള്‍ ഹോള്‍സെയില്‍ സാധനങ്ങളെല്ലാം ഇവിടെ നിന്ന് ലഭിക്കുമെന്നും അത് കച്ചവടത്തിന് വലിയ തലത്തിലുള്ള ആക്കം കൂട്ടുമെന്നും ശുഭപ്രതീക്ഷ വെച്ചു. കാസര്‍കോട് ജില്ല രൂപീകരണത്തോടെ ജില്ലാതല ഓഫീസുകളടക്കം നഗരത്തിലുണ്ടായിരുന്ന 75 ശതമാനം ഗവ. ഓഫീസുകളും വിദ്യാനഗറിലേക്ക് പറിച്ച് നടുകയായിരുന്നു. നഗരഹൃദയത്തില്‍ തന്നെ ഉണ്ടായിരുന്ന കോടതി സമുച്ചയം ജില്ലാ പൊലീസ് ഓഫീസും അടക്കം ഒട്ടുമിക്ക താലൂക്ക് തല ഓഫീസ് വരെ ഇന്ന് വിദ്യാനഗറിലാണ്. ഇതോടെ കാസര്‍കോട്, എം.എ ബസാര്‍, സ്റ്റേഷന്‍ റോഡ്, എം.ജി റോഡ് എന്നിവിടങ്ങളിലെ കമ്പോളങ്ങള്‍ ശുഷ്‌കിച്ചു. ഇതിന്റെ മറുപുറം വിദ്യാനഗറും നായന്മാര്‍മൂലയും രാപ്പകല്‍ ഭേദമന്യേ എല്ലാതരം വ്യാപാരങ്ങളും സജീവമായി. പുതിയ ബസ്സ്റ്റാന്റ് വന്നതോടെ നല്ലൊരു ഭാഗം കച്ചവടങ്ങളും അങ്ങോട്ടേക്ക് തിരിഞ്ഞു.
2017മുതല്‍ ലോകവ്യാപാരമേഖലയൊന്നാകെ സാമ്പത്തികമാന്ദ്യത്തിലാണ്. വന്‍ ശക്തികള്‍ തമ്മില്‍ ആണവകരാറിന്റെയും മറ്റും പേരില്‍ ഉപരോധങ്ങള്‍ തുടരുന്നതും ചൈനീസ് വിപണി ഉണര്‍ന്നതും ലോക വ്യാപാര മാന്ദ്യത്തിന് ആക്കം കൂട്ടി. 2019ലെ കോവിഡിന്റെ ആവിര്‍ഭാവം ലോകത്തിന്റെ അടച്ചുപൂട്ടലിലേക്ക് വരെ വഴി വെച്ചു. മുഖ്യമായും ഗള്‍ഫിനെയും ഇത് സ്വാധീനിച്ചു. കേരളത്തിന്റെ പ്രത്യേകിച്ച് ഇവിടെ കാസര്‍കോടിന്റെ സാമ്പത്തിക അടിത്തറ തന്നെ പ്രവാസി മണിപവറിലാണ്. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മലയാളികളാണ്. അതും ഗള്‍ഫ് നാടുകളില്‍. ഗള്‍ഫ് പ്രവാസികളില്‍ നിന്നുള്ള മണി വരവ് ഇല്ലായിരുന്നുവെങ്കില്‍ സാമ്പത്തികമായി കേരളം വട്ടപൂജ്യമാവുമായിരുന്നു. ഗള്‍ഫ് നാടുകള്‍ സാമ്പത്തിക മാന്ദ്യങ്ങളില്‍ വിറങ്ങലിച്ചപ്പോള്‍ അതിന്റെ പ്രതിധ്വനി ഇങ്ങ് കേരളത്തിലും വിശിഷ്യ നമ്മുടെ കാസര്‍കോടും പ്രതിധ്വനിച്ചു.
ഉപ്പളയില്‍ മഞ്ചേശ്വരം താലൂക്ക് ഓഫീസ് വന്നതോടെ ഉപ്പള, കുമ്പള, മൊഗ്രാല്‍ മുതലായിടങ്ങളില്‍ നിന്നുള്ള നിത്യസന്ദര്‍ശകര്‍ പോലും കാസര്‍കോട് നഗരത്തില്‍ അപൂര്‍വ്വമായി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ തൊട്ടതിനൊക്കെ കാസര്‍കോട് നഗരവുമായി ഇഴചേര്‍ന്നിരുന്നു. താലൂക്ക് ഓഫീസ്, സപ്ലൈ ഓഫീസ്, സബ്‌രജിസ്ട്രാര്‍ ഓഫീസ്, ഡി.ഇ.ഒ ഓഫീസ്, കോടതികള്‍, വ്യവസായ ഓഫീസ് മുതലായ താലൂക്ക്തല ഓഫീസുകളില്‍ വരുന്നവരായിരുന്നു ഏറെ പേരും. അങ്ങനെ വരുന്നവര്‍ ഇവിടെ നിന്ന് വീട്ടാവശ്യത്തിനുള്ള സാധനസാമഗ്രികള്‍ വാങ്ങിയിട്ടാണ് തിരിച്ചുപോവാറ്.
കേന്ദ്ര ഗവണ്‍മെന്റിന്റെ കടുത്ത നിയന്ത്രണം വന്നതോടെ റിയല്‍ എസ്റ്റേറ്റ് മേഖലയും അസ്തമിച്ച മട്ടാണ്. സ്വത്ത് കച്ചവടം നിലച്ചതോടെ പണത്തിന്റെ വരവും ആള്‍ക്കാരുടെ കയ്യിലെ കരുതലും തുലോം നിലച്ചു. സ്വത്ത് കച്ചവടം നടക്കുമ്പോള്‍ വിറ്റ ആളുടെ കയ്യില്‍ നിന്ന് പല ഭാഗത്തേക്കും ആ പണം ഒഴുകുകയാവും. അത് നിലച്ചതോടെ ഇന്ന് ആരുടെ കയ്യിലും പൈസ എത്തുന്നില്ല. അത് കൊണ്ട് തന്നെയാവണം കയ്യില്‍ പണമില്ലാത്ത സാധാരണക്കാരന്‍ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ പറ്റാത്തതും വ്യാപാരസ്ഥാപനങ്ങളില്‍ വ്യാപാരമാന്ദ്യം അനുഭവപ്പെടുന്നതും.
കാസര്‍കോട് നഗരത്തില്‍ ഒരു ഒറ്റമുറി കടക്ക് പതിനായിരം രൂപയാണ് ഇന്നത്തെ ആവറേജ് വാടക. ഒരു തൊഴിലാളിയും വിദ്യുച്ഛക്തി ബില്ലും ഫോണ്‍ മുതലായവയെല്ലാമായി കണക്കാക്കിയാല്‍ ചുരുങ്ങിയത് മാസം ഇരുപത്തഞ്ചായിരം രൂപയെങ്കിലും ചെലവാകും. ലീവ് ദിവസം കൂടി കണക്കാക്കിയാല്‍ ദിനം പ്രതി ആയിരം രൂപയുടെ ചെലവും ഇന്നത്തെ കച്ചവടവും ലാഭവും ചെലവും കണക്കാക്കിയാല്‍ മുന്നോട്ട് പോവാന്‍ ആയാസപ്പെടേണ്ടി വരും. അഞ്ചുവര്‍ഷം മുമ്പ് തന്നെ ഇവിടത്തെ വ്യാപാരം പകുതിയായി കുറഞ്ഞിരുന്നു. കാസര്‍കോടിന്റെ പ്രാന്ത പ്രദേശങ്ങളിലുണ്ടാവുന്ന പ്രശ്‌നങ്ങളും ഇവിടെ വരുന്നവരുടെ എണ്ണം കുറച്ചു.
വടക്ക് കറന്തക്കാട് മുതല്‍ തെക്ക് ദീനാര്‍ നഗര്‍ വരെയും പടിഞ്ഞാര്‍ ട്രാഫിക് ജംഗ്ഷന്‍ മുതല്‍ നുള്ളിപ്പാടി വരെയുമാണ് കാസര്‍കോട് നഗരം. എം.ജി റോഡ്, മാര്‍ക്കറ്റ് റോഡ്, എം.എ ബസാര്‍, കെ.പി.ആര്‍ റാവു റോഡ്, ബസ്സ്റ്റാന്റ് ക്രോസ് റോഡ്, ബാങ്ക് റോഡ്, ചക്കരബസാര്‍ മുതലായ റോഡുകളിലാണ് കാസര്‍കോട്ടെ കമ്പോളങ്ങള്‍. ഒരു കാലത്ത് തിരക്ക് കൂടിയ കാസര്‍കോടിന്റെ ബര്‍മ ബസാര്‍ ആയ ചക്കരബസാര്‍ ഇന്ന് ആളൊഴിഞ്ഞ പൂരപ്പറമ്പായി മാറിയിരിക്കുന്നു. ഒട്ടുമിക്ക വ്യാപാരികളും സഹകരണ സംഘത്തില്‍ നിന്നോ ഷെഡ്യൂള്‍ ബാങ്കില്‍ നിന്നോ അതുമല്ലെങ്കില്‍ വ്യക്തികളില്‍ നിന്നോ വായ്പയായി വാങ്ങിയ പണമാണ് കച്ചവടത്തിന് മുടക്കാറ്. വ്യാപാരമില്ലാതെ ഈച്ചയെ ആട്ടി കടയിലിരിക്കുകയാണെങ്കില്‍ കാസര്‍കോട്ടെ ഇന്നത്തെ വ്യാപാരികള്‍ കടക്കെണിയിലാവുമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. പ്രാദേശിക ഭരണകൂടവും വ്യാപാരി അസോസിയേഷനുകളും കൂടി ചേര്‍ന്നിരുന്ന് ഇവിടത്തെ വ്യാപാരം കൂട്ടാനുള്ള എന്തെങ്കിലും ഒറ്റമൂലിയുണ്ടോ എന്ന് ആലോചിക്കേണ്ടതുണ്ട്. എങ്കിലെ ഇവിടത്തെ വ്യാപാരികള്‍ രക്ഷപ്പെടുകയുള്ളു.
-അബു കാസര്‍കോട്