പ്രതിഫലത്തുകയില്‍ വ്യക്തത വരുത്തണം; നടന്‍ പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

പരിശോധനക്ക് പിന്നില്‍ എമ്പുരാന്‍ ഇഫക്ട് അല്ലെന്ന് ഉദ്യോഗസ്ഥര്‍

എറണാകുളം: പ്രതിഫലത്തുകയില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് നടന്‍ പൃഥ്വിരാജ് സുകുമാരന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. മുന്‍പ് അഭിനയിച്ച സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വകുപ്പ് വ്യക്തത തേടിയത്. ആദായ നികുതി അസസ് മെന്റ് വിഭാഗമാണ് ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഈ മാസം മുപ്പതിനകം മറുപടി നല്‍കാനാണ് നിര്‍ദേശം.

2022 ഡിസംബര്‍ 15ന് പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിലും വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. നിലവിലെ പരിശോധന എമ്പുരാന്‍ ഇഫക്ട് അല്ലെന്നും മുന്‍ ചിത്രങ്ങളിലെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരിശോധിക്കുന്നതെന്നുമാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം.

അതേസമയം വ്യവസായി ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്യുമെന്നാണ് സൂചന. ചെന്നൈയിലെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും നടത്തിയ പരിശോധനയിലെ കണ്ടെത്തലുകളുടെ തുടര്‍ച്ചയായാണ് ചോദ്യംചെയ്യല്‍ എന്നാണ് സൂചന. ഗോകുലം ഗോപാലന്റെ മൊഴി ഇഡി സംഘം പരിശോധിച്ച ശേഷമാകും തുടര്‍ നടപടികള്‍.

ഇന്നലെ ഗോപാലന്റെ മകന്‍ ബൈജു ഗോപാലനില്‍ നിന്നും വിവരങ്ങള്‍ തേടിയെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേരളത്തിലും തമിഴ് നാട്ടിലുമായി 5 ഇടങ്ങളില്‍ ആയാണ് ഒരേസമയം പരിശോധന നടന്നത്. ഇന്നലെ കോഴിക്കോട്ടായിരുന്ന ഗോപാലനെ വൈകിട്ട് ചെന്നൈയിലേക്ക് വിളിപ്പിച്ച ഇഡി രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു.

ധനകാര്യ സ്ഥാപനങ്ങളിലെ പരിശോധനക്കിടെ ഒന്നര കോടി രൂപ പിടിച്ചെടുത്തതായി ഇഡി വൃത്തങ്ങളില്‍ നിന്ന് സൂചന ലഭിച്ചു. എന്നാല്‍ എവിടെ നിന്നാണ് പണം കണ്ടെത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല. പി എം എല്‍ എ ലംഘനം, വിദേശ നാണയ വിനമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയവയുടെ പേരിലാണ് ഇഡി പരിശോധന. ഏതാണ്ട് 1000 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് ഗോകുലം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഗോകുലം ഗോപാലന്‍ ഡയറക്ടറായ കമ്പനികള്‍ മറ്റ് സ്ഥാപനങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്. കോടികളുടെ വിദേശ സാമ്പത്തിക ഇടപാടുകളാണ് ഫെമാ ചട്ട ലംഘനമായി പരിശോധിക്കുന്നത്. 2017 ല്‍ ആദായ നികുതി വകുപ്പും 2023ല്‍ ഇഡിയും ഗോകുലം ഗോപാലനെതിരെ അന്വേഷണം നടത്തിയിരുന്നു.

Related Articles
Next Story
Share it