കൊച്ചി: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഹിന്ദി ആല്‍ബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ഹിറ്റ് ഗായകന് നിഖില്‍ ഡിസൂസയാണ് പാടുന്നത്. ‘തു ഹി ഹേ മേരി സിന്ദഗി’ എന്നാണ് സീ മ്യൂസിക്കിന് വേണ്ടി നിര്‍മിക്കുന്ന ആല്‍ബത്തിന്റെ പേര്. ദുബൈയിലെ പ്രമുഖ മലയാളി ഇന്‍ഫ്ളുവന്‍സര്‍ ദമ്പതികളായ അജ്മല്‍ ഖാനും ജുമാന ഖാനുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്.
‘പെഹ്ലാ പ്യാര്’ എന്ന പേരില്‍ മുമ്പ് അനൗണ്‍സ് ചെയ്ത ആല്‍ബമാണ് കോപ്പി റൈറ്റ് വിഷയത്തെ തുടര്‍ന്ന് പുതിയ പേരില്‍ അനൗണ്‍സ് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ ‘വാസ്തെ’ പാടിയത് നിഖില്‍ ഡിസൂസയായിരുന്നു. നിഖില്‍ ഡിസൂസയുടെ തൊട്ടുമുന്‍പത്തെ ഗാനത്തിന് ഒരു ബില്യണ്‍ യുട്യൂബ് വ്യൂവേഴ്സുണ്ട്. ‘വാസ്തെ’യുടെ വിജയത്തിന് ശേഷം നിഖില്‍ ഡിസുസ പാടുന്ന പാട്ട് എന്ന പ്രത്യേകതയും ‘തു ഹി ഹേ മേരി സിന്ദഗി’ക്കുണ്ട്.
അഭിഷേക് ടാലണ്ടഡിന്റെ വരികള്‍ക്ക് ജുബൈര്‍ മുഹമ്മദ് സംഗീതസംവിധാനവും അച്ചു വിജയന് ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. ഛായാഗ്രഹണം മുസ്തഫ അബൂബക്കര്‍, കാസ്റ്റിംഗ് ഡയറക്ഷന്‍ വിശാഖ് പി.വി. വിര്‍ച്വല്‍ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത്താണ് ഈ ആല്‍ബം നിര്‍മ്മിക്കുന്നത്. ആല്‍ബം ഉടന്‍ തന്നെ സീ മ്യൂസിക് യുട്യൂബ് ചാനലില്‍ റിലീസ് ചെയ്യും.