ദോഹ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ വിദേശ സഹായങ്ങള്‍ തുടരുന്നു. ഖത്തറിന്റെ സഹായ വസ്തുക്കളുമായി ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച മെഡിക്കല്‍ ഉപകരണങ്ങളുള്‍പ്പെടെ 300 ടണ്‍ സഹായ വസ്തുക്കളുമായി ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ വിമാനങ്ങളാണ് ദോഹ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്.
പി.പി.ഇ കിറ്റ്, ഓക്സിജന്‍ കണ്ടെയ്നറുകള്‍, മറ്റ് അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവക്ക് പുറമെ വ്യക്തികളും കമ്പനികളും സംഭാവന ചെയ്ത ധനസഹായവും ഉള്‍പ്പെടുന്നതാണ് ചരക്ക്. നൂറ് ടണ്‍ വീതം മൂന്ന് വിമാനങ്ങളിലായി ഇന്ത്യയിലെത്തിക്കും. ഡെല്‍ഹി, ബംഗളൂരു, മുംബൈ എന്നീ മൂന്ന് നഗരങ്ങളിലായാണ് വസ്തുക്കളെത്തിക്കുന്നത്. ഖത്തര്‍ എയര്‍വേയ്സിന്റെ ‘വി കെയര്‍’ പദ്ധതിക്ക് കീഴിലാണ് സഹായവസ്തുക്കള്‍ സൗജന്യമായി ഇന്ത്യയില്‍ എത്തിക്കുന്നത്. ദോഹ ഹമദ് വിമാനത്താവളത്തില്‍ ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബാകിര്‍, ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ തുടങ്ങിയവര്‍ വിമാനങ്ങളെ യാത്രയയച്ചു.
കോവിഡ് രണ്ടാം തരംഗത്തില്‍ വിഷമതകളനുഭവിക്കുന്ന ഇന്ത്യക്കാരുടെ വേദനകളില്‍ പങ്കുചേരുന്നതായും പിന്തുണ തുടരുമെന്നും അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. ഇന്ത്യക്കായി സഹായവസ്തുക്കള്‍ എത്തിക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി നേരത്തേ ഉത്തരവിട്ടിരുന്നു.