തിരുവനന്തപുരം: സംസ്ഥാനത്തെ തിയറ്ററുകളില്‍ വ്യാഴാഴ്ച മുതല്‍ സെക്കന്‍ഡ് ഷോ ഉണ്ടാകില്ല. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം കണക്കിലെടുത്താണ് തീരുമാനം. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു. ഈ ദിവസങ്ങളിലെ സെക്കന്‍ഡ് ഷോയ്ക്കാണ് തിയറ്ററുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്.
പുതുവത്സരാഘോഷത്തിന്റെ പേരില്‍ ആളുകള്‍ കൂട്ടം കൂടുന്നതടക്കം ഒഴിവാക്കാനാണ് സംസ്ഥാനത്ത് നാല് ദിവസം രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് നിയന്ത്രണം. കഴിഞ്ഞ ദിവസത്തെ കോവിഡ് അവലോകന യോഗമാണ് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്.
ഈ മാസം 30 മുതല്‍ ജനുവരി രണ്ട് വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കടകള്‍ 10 മണിക്ക് അടയ്ക്കണം. ആള്‍ക്കൂട്ടവും അനാവശ്യ യാത്രയും അനുവദിക്കില്ല. പോലീസ് പരിശോധന കര്‍ശനമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ടം ചേര്‍ന്നുള്ള പുതുവല്‍സരാഘോഷങ്ങള്‍ തടയുക എന്ന ലക്ഷ്യമിട്ടാണ് തീരുമാനമെങ്കിലും നിയന്ത്രണം നീട്ടണമോ എന്നതില്‍ പിന്നീട് തീരുമാനമെടുക്കും.
മാസ്ക് അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കര്‍ക്കശനമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കര്‍ണാടകം അടക്കമുള്ള സംസ്ഥാനങ്ങള്‍ നേരത്തെ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡെല്‍ഹിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.