ചെന്നൈ: വിജയ് ചിത്രം മാസ്റ്റര്‍ തീയറ്റില്‍ ഓടുമ്പോള്‍ തന്നെ ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തതില്‍ പ്രതിഷേധവുമായി തീയറ്റര്‍ ഉടമകള്‍. ഇത്തരം സാഹചര്യങ്ങള്‍ തുടരുന്നതിനാല്‍ തിയേറ്ററില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ ഡിജിറ്റല്‍ സ്ട്രീമിംഗുമായി ബന്ധപ്പെട്ട് പുതിയ നിബന്ധനകള്‍ കൊണ്ടുവരാനും അത് ഒപ്പിട്ടുതന്നാല്‍ മാത്രം പ്രദര്‍ശനം മതിയെന്നുമാണ് ഉടമകളുടെ തീരുമാനം.
ഇനി മുതല്‍ ചെറിയ സിനിമകള്‍ 30 ദിവസം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷം മാത്രമേ ഒടിടി റിലീസ് ചെയ്യാന്‍ പാടുള്ളൂവെന്നും ബിഗ് ബജറ്റ് ചിത്രങ്ങള്‍ ചുരുങ്ങിയത് 50 ദിവസങ്ങളെങ്കിലും പ്രദര്‍ശനം നടത്തിയതിന് ശേഷം മാത്രമേ ഡിജിറ്റല്‍ സ്ട്രീം ചെയ്യാന്‍ പാടുള്ളൂവെന്നും തമിഴ്നാട് തിയേറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് തിരുപ്പൂര്‍ സുബ്രമഹ്ണ്യം അറിയിച്ചു. ഇക്കാര്യം സമ്മതിച്ച് നിര്‍മാതാക്കള്‍ കരാര്‍ ഒപ്പിട്ടാല്‍ മാത്രമേ തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കുകയുള്ളു.
നേരത്തെ സൂര്യ നായകനായെത്തിയ സൂരറൈ പോട്ര് ഒടിടി റിലീസ് ചെയ്തതില്‍ തിയേറ്റര്‍ ഉടമകള്‍ അതൃപ്തി അറിയിച്ചിരുന്നു. അതിനുപിന്നാലെ മാസ്റ്ററും ആമസോണില്‍ റിലീസ് ചെയ്തത്. ജനുവരി 13ന് തീയറ്ററുകളിലെത്തിയ ചിത്രം ജനുവരി 29നാണ് ഡിജിറ്റല്‍ സ്ട്രീമിംഗ് ആരംഭിച്ചത്. വിജയിയും വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.